

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനിടെ, ബിജെപിയുടെ ആദ്യ കാല സീനിയര്‍ നേതാവ് മഖന്‍ ലാല്‍ സര്‍ക്കാരിന്റെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഖന്‍ ലാല്‍ സര്‍ക്കാരിനെ കെട്ടിപ്പിടിക്കുകയും പാദങ്ങളില്‍ തൊട്ട് മോദി വന്ദിക്കുകയും ചെയ്തു. സിലിഗുരി സ്വദേശിയാണ് മഖന്‍ ലാല്‍ സര്‍ക്കാര്‍.
ശ്യാമ പ്രസാദ് മുഖര്‍ജിയുടെ സഹായിയായിരുന്നു മഖന്‍ ലാല്‍ സര്‍ക്കാരെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറഞ്ഞു. 'കശ്മീര്‍ ജയിലില്‍ വച്ച് ദുരൂഹസാഹചര്യത്തിലാണ് മുഖര്‍ജി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ കൂടെ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഇന്ന് തന്റെ സാന്നിധ്യം കൊണ്ട് നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്,'- സമിക് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് ദേശഭക്തിഗാനം ആലപിച്ചതിന് ഡല്‍ഹി പൊലീസ് സര്‍ക്കാരിനെ അറസ്റ്റ് ചെയ്ത കാര്യവും ഭട്ടാചാര്യ അനുസ്മരിച്ചു. കോടതിയില്‍ ഹാജരാക്കി മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും മഖന്‍ ലാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും സമിക് ഭട്ടാചാര്യ ഓര്‍മ്മിപ്പിച്ചു.
'ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും വെറുമൊരു പാട്ട് പാടുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാര്‍ ജഡ്ജിയോട് പറഞ്ഞു. ആ പാട്ട് കേള്‍ക്കാന്‍ ജഡ്ജി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം കോടതിയില്‍ വച്ച് വീണ്ടും അത് ആലപിച്ചു. തുടര്‍ന്ന് സര്‍ക്കാരിന് നാട്ടിലേക്ക് മടങ്ങാന്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റും യാത്രയ്ക്കായി 100 രൂപയും നല്‍കാന്‍ ജഡ്ജി പൊലീസിനോട് നിര്‍ദ്ദേശിച്ചു,'- ബംഗാള്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
മഖന്‍ ലാല്‍ സര്‍ക്കാര്‍ ആര്?
സിലിഗുരി ഓര്‍ഗനൈസേഷണല്‍ ഡിസ്ട്രിക്റ്റിലെ ആദ്യത്തെ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു സര്‍ക്കാര്‍. കൂടാതെ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരിത്രപരമായ കശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിന്റെ സഹയാത്രികനുമായിരുന്നു. 97-ാം വയസ്സിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആദ്യകാല താഴെത്തട്ടിലുള്ള നേതാക്കളില്‍ ഒരാളായി അദ്ദേഹം തുടരുന്നു. 1952ല്‍ കശ്മീരില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്താനുള്ള പ്രക്ഷോഭത്തിനിടെ മുഖര്‍ജിയെ അനുഗമിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
1980ല്‍ ബിജെപി രൂപീകരിച്ചതിന് ശേഷം പശ്ചിമ ദിനാജ്പൂര്‍, ജല്‍പായ്ഗുരി, ഡാര്‍ജിലിങ് ജില്ലകളുടെ ഓര്‍ഗനൈസേഷണല്‍ കോര്‍ഡിനേറ്ററായി അദ്ദേഹം മാറി. വെറും ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം അംഗങ്ങളെ ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1981 മുതല്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം അദ്ദേഹം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates