ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രി ശ്രദ്ധകൊടുത്തത് ട്വിറ്ററില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണൈന്ന് പുതിയ ലക്കം ലാന്‍സെറ്റിന്റെ എഡിറ്റോറിയല്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.
തുറന്ന സംവാദങ്ങളും വിമര്‍ശനങ്ങളും അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.
ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനം പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.
കോവിഡിന്റെ തീവ്രവ്യാപനം (സൂപ്പര്‍ സ്‌പ്രെഡ്) ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു.
ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. രാജ്യത്തൊട്ടാകെയുള്ള ലക്ഷണക്കണക്കിന് ജനങ്ങളെ ക്ഷണിച്ചു കൊണ്ട് രാഷ്ട്രീയ റാലികള്‍ നടത്തി. ഇത്തരത്തില്‍ മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയെയും ആരോഗ്യസംവിധാനത്തിന്റെ പരാജയത്തെയും ലാന്‍സെറ്റ് എടുത്തു കാട്ടുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അപകടം കഴിഞ്ഞു എന്ന തരത്തിലാണ് പെരുമാറിയത്. സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടി. ഇന്ത്യ ആര്‍ജ്ജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള വ്യാജ ബോധത്തിലായിരുന്നു. ഇത് തയ്യാറെടുപ്പുകളില്ലാതാക്കി. അലംഭാവമുണ്ടാക്കി. അതേസമയം ജനുവരിയില്‍ ഐസിഎംആര്‍ നടത്തിയ സീറോ സര്‍വ്വേ ജനസംഖ്യയുടെ 21 ശതമാനം പേര്‍ മാത്രമേ ആര്‍ജ്ജിത പ്രതിരോധ ശേഷി നേടിയിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ വാക്‌സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് സംസ്ഥാന തലത്തിലെ വാക്‌സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കി.. ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. അനാവശ്യമായ മത്സരം വിപണിയിലുണ്ടാക്കി. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.
കേരളം, ഒഡീഷ പോലുള്ള സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തിലെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ യുപി, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള ഓക്‌സിജന്‍ ക്ഷാമവും ശവസംസ്‌കാരത്തിനുള്ള സൗകര്യക്കുറവും അനുഭവിച്ചു. തെറ്റ് സ്വയം ഏറ്റെടുത്ത് സുതാര്യമായും ഉത്തരവാദിത്വബോധത്തോടെയും കേന്ദ്ര നേതൃത്വം പെരുമാറണമെന്നും ലാന്‍സറ്റിലെ ലേഖനം ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates