ന്യൂഡൽഹി: പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്ന് കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സിപിഎം കരട് രാഷ്ട്രീയ പ്രമേയം. യുവാക്കളിലും വനിതകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പാർട്ടി അംഗത്വം ലഭിക്കാൻ യോഗ്യരായവരെ കണ്ടെത്തുന്നതിന് ഊന്നൽ നൽകി ശക്തിപ്പെടുത്തണമെന്നും കരട് പ്രമേയം നിർദേശിക്കുന്നു.
ദേശീയതലത്തിലും പാർട്ടി ദുർബലമായ പശ്ചിമ ബംഗാളിലും ത്രിപുരയിലും ജനങ്ങളുമായി അകൽച്ച സംഭവിച്ചതിനെക്കുറിച്ച് കരട് പ്രമേയത്തിൽ വിശദീകരിക്കുന്നുണ്ട്. അടിയന്തരമായി രാഷ്ട്രീയവും ആശയപരവുമായ അടിത്തറ ശക്തിപ്പെടുത്തണം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇടപെട്ട് ബന്ധം ദൃഢമാക്കണം. പ്രാദേശിക പ്രശ്നങ്ങളിൽ ഊന്നൽ നൽകണം. ഹിന്ദുത്വത്തെ സംഘടനാപരമായും ആശയപരമായും നേരിടണമെന്നും കരട് പ്രമേയത്തിൽ വിശദീകരിക്കുന്നു.
സിപിഎം ചൈന അനുകൂലികളാണെന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ കരുതൽ വേണമെന്നും പാർട്ടി മുന്നറിയിപ്പു നൽകുന്നു.
കേരളത്തിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നു. കോൺഗ്രസ് ഉൾപ്പെട്ട യ.ഡിഎഫ് ഇക്കാര്യങ്ങളിൽ ബിജെപിയെ അനുകൂലിക്കുന്ന നിലപാടാണ് വെച്ചു പുലർത്തുന്നത്. കേരളത്തിലെ എൽഡി.എഫ് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് സി.പി.എം എല്ലാ പിന്തുണയും ഉറപ്പു നൽകുന്നു എന്നും കരട് നയത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates