

ന്യൂഡല്‍ഹി: ചണ്ഡീഗഡുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അടുത്ത മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാന്‍ ആലോചനയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
തലസ്ഥാനമായ ചണ്ഡീഗഢ് രാഷ്ട്രപതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പഞ്ചാബില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. നിര്‍ദേശം ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ മാത്രമാണുള്ളത്. ചണ്ഡീഗഡിന്റെ ഭരണത്തെയോ, അധികാരഘടനയെയോ ഒരു തരത്തിലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പരമ്പരാഗത ക്രമീകരണങ്ങള്‍ മാറ്റാനും ലക്ഷ്യമിടുന്നില്ല. ചണ്ഡീഗഡിന്റെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ബന്ധപ്പെട്ട എല്ലാവരുമായും മതിയായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഉചിതമായ തീരുമാനം എടുക്കൂ. ഈ വിഷയത്തില്‍ യാതൊരു ആശങ്കയും ആവശ്യമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ ചണ്ഡീഗഡിനെ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളാണ് രാഷ്ട്രീയ തർക്കങ്ങൾക്ക് വഴി തെളിച്ചത്. നിലവിൽ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. 240-ാം അനുച്ഛേദത്തിന്റെ പരിധിയിൽ കേന്ദ്രഭരണപ്രദേശത്തെ കൊണ്ടുവരുന്നതോടെ അവിടേക്കു മാത്രമായുള്ള നിയമങ്ങൾ നേരിട്ട് രൂപീകരിക്കാൻ രാഷ്ട്രപതിക്ക് അധികാരം ലഭിക്കും. നിലവിൽ, പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്ട്രേറ്റർ. 1984 ജൂൺ 01 മുതൽ ഈ സംവിധാനമാണ് നിലനിൽക്കുന്നത്.
ചണ്ഡിഗഡിനെ ആര്‍ട്ടിക്കിള്‍ 240 ന്റെ പരിധിയിൽ ഉൾപ്പെടുത്തി, ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ച് നേരിട്ടു ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബിനെതിരായ ആക്രമണമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കം പഞ്ചാബ് തലസ്ഥാനത്തിന്മേലുള്ള സംസ്ഥാനത്തിന്റെ അധികാരം ദുര്‍ബലപ്പെടുത്തുമെന്ന് എഎപി കുറ്റപ്പെടുത്തി. ഭരണഘടനാ ഭേദഗതി ബില്‍ പഞ്ചാബിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും, പഞ്ചാബ് വിരുദ്ധ ബില്ലാണെന്നും എന്‍ഡിഎ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates