

ന്യൂഡല്‍ഹി: ബിറ്റ് ചാറ്റ് എന്ന മെസേജിങ് ആപ്പ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിന് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഐ4സി (ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍). നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബിറ്റ് ചാറ്റ് പോലുള്ള ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ബിറ്റ് ചാറ്റിന്റെ വിവിധ ആപ്പ് വേര്‍ഷനുകളിലേക്കുള്ള ഗിറ്റ്ഹബ്ബ് യുആര്‍എല്‍ നീക്കം ചെയ്യാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് ഗിറ്റ്ഹബ്ബിന് കൈമാറിയതായി ബിറ്റ് ചാറ്റ് സ്ഥാപകന്‍ ജാക്ക് ഡോര്‍സി വെളിപ്പെടുത്തി. ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം പുറത്തുവിട്ടു. ഇന്ത്യന്‍ ഭരണകൂടം ബിറ്റ് ചാറ്റ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഇഷ്ടപ്പെടുന്നില്ല. അത് നീക്കം ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പും അദ്ദേഹം എക്‌സില്‍ പങ്കുവെച്ചു.
എന്താണ് ബിറ്റ് ചാറ്റ്?
മൊബൈല്‍ നെറ്റ്വര്‍ക്കോ ഇന്റര്‍നെറ്റോ കേന്ദ്രീകൃത സെര്‍വറുകളോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മെഷ് നെറ്റ്വര്‍ക്കുകള്‍ വഴി പിയര്‍-ടു-പിയര്‍ മെസ്സേജിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ബിറ്റ്ചാറ്റ്. ഫോണ്‍ നമ്പര്‍ വേരിഫിക്കേഷനോ യൂസര്‍ രജിസ്‌ട്രേഷനോ ഇല്ലാതെ അജ്ഞാതമായി ആശയവിനിമയം നടത്താന്‍ ഇതുവഴി കഴിയും.
എന്തുകൊണ്ട് തടയുന്നു
ഈ ആപ്പ് പൊലീസിനോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനോ അന്വേഷണം നടത്താനോ സാധിക്കില്ല. കലാപങ്ങള്‍, തീവ്രവാദം, ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാനും ആളെ വെളിപ്പെടുത്താതെ ആശയവിനിമയം ചെയ്യാം എന്നതിനാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്്ക്കും ഇത് ഭീഷണിയാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോള്‍ നീക്കം ചെയ്യുന്നത്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000ലെ സെക്ഷന്‍ 43, 84ബി, 84സി, കൂടാതെ പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 2023ലെ സെക്ഷന്‍ 61 തുടങ്ങിയ നിയമങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ചാണ് ബിറ്റ് ചാറ്റ് ആപ്ലിക്കേഷന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധ സമരത്തെ നേരിടാന്‍ പ്രദേശത്ത് ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ടിവിറ്റി എന്നിവ നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇതോടെ, സമരക്കാര്‍ ബ്ലൂടൂത്ത് അധിഷ്ഠിത മെഷ് നെറ്റ്വര്‍ക്ക് ആപ്പുകളിലേക്ക് മാറിയെന്ന സംശയം ഉയര്‍ന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ഗിറ്റ്ഹബ്ബ് ലിങ്കുകള്‍ നീക്കം ചെയ്യുകയോ ആക്‌സസ് ബ്ലോക് ചെയ്യുകയോ വേണം. അല്ലാത്തപക്ഷം ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates