

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പാകിസ്ഥാന്‍ ബന്ധം സംശയിച്ച് പൊലീസ്. വേതന വര്‍ദ്ധന ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്കെതദിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ലഹളയുണ്ടാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, പൊതുമുതില്‍ നശിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. കേസില്‍ ഇതുവരെ 300ലേറെ പേര്‍ അറസ്റ്റിലായി.
നോയിഡയില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഒരു ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നണ് പൊലീസ് സംശയിക്കുന്നത്. പ്രതിഷേധത്തിനായി സംഘടിച്ച് എത്തിയവരെല്ലാം പുറത്തുനിന്ന് വന്നവരാണ് എന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അതിര്‍ത്തി ജില്ലകളില്‍ നിന്നാണ് ഇവരെത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തില്‍ ഒരു ഗൂഢാലോചന ഉണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.
ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പലര്‍ക്കും പാകിസ്ഥാന്‍ ബന്ധമുണ്ടോ എന്ന കാര്യം അടക്കം അന്വേഷിക്കുന്നുതായും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവും ക്രമസമാധാനവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംഭവം നടന്നതെന്ന് കരുതുന്നതായും കഴിഞ്ഞ ദിവസങ്ങളില്‍ മീററ്റില്‍ നിന്നും നോയിഡയില്‍ നിന്നും നാല് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും മന്ത്രി അനില്‍ ഭാജ്ഭര്‍ പറഞ്ഞു.
ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് മിനിമം വേതനം പുതുക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് 13,690 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വേതനവും നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതി തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. അതേസമയം, സര്‍ക്കാരിന്റെ നയങ്ങളാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് വിമര്‍ശിച്ചു.
ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം 35 ശതമാനം വര്‍ദ്ധിപ്പിച്ചതാണ് നോയിഡയിലെ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. സമാനമായ തൊഴില്‍ സാഹചര്യമായിട്ടും തങ്ങള്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നതിനെതിരെയായിരുന്നു സമരം. 12 മണിക്കൂര്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് പ്രതിമാസം 11,000 മുതല്‍ 15,000 രൂപ വരെയാണ് ലഭിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതന നിയമങ്ങള്‍ കമ്പനികള്‍ പാലിക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ശമ്പളം 20,000-25,000 രൂപയായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates