കുത്തബ് മിനാറിനെക്കാള്‍ ഉയരം; രണ്ട് ടവറുകളിലായി 915 ഫ്ലാറ്റുകൾ; താമസക്കാരെ ഒഴിപ്പിച്ചു; 'ട്വിന്‍ ടവര്‍' ഇന്ന് 2:30ന് നിലം പൊത്തും

ഒന്‍പത് സെക്കന്‍ഡുകള്‍ കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടും. അടുത്ത അഞ്ച് സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും
നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ
നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ
Updated on
1 min read

ലഖ്‌നൗ: ഒന്‍പതുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍,  ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും. കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍, ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് . മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കുന്നത്. 

ഒന്‍പത് സെക്കന്‍ഡുകള്‍ കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടും. അടുത്ത അഞ്ച് സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നിയന്ത്രിത സ്‌ഫോടനം. 3,700 കിലോ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക. 

സമീപത്തെ ഫ്‌ലാറ്റുകളില്‍നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. പൊളിക്കല്‍ സമയത്ത് നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവയ്ക്കും.സുരക്ഷയ്ക്ക് അഞ്ഞൂറ് പൊലീസുകാര്‍.  ഒരുനോട്ടിക്കല്‍ മൈല്‍ പറക്കല്‍ നിരോധന മേഖല. രണ്ട് ടവറുകളിലുമായി 915 ഫ്‌ലാറ്റുകളും, 21 കടമുറികളുമാണ് ഉള്ളത്. പൊളിച്ചുകഴിഞ്ഞാല്‍ 80,000 ടണ്‍ അവശിഷ്ടമുണ്ടാകും, 2,000 ട്രക്ക് ലോഡ് അവശിഷ്ടം ഇവിടെനിന്ന് മൂന്നുമാസമെടുത്ത് മാറ്റും. പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ വാട്ടര്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ തയാറാക്കി. 

കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് സുപ്രീംകോടതി ഇരട്ടടവര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്നും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചെന്നുമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ 2012ല്‍ അലഹബാദ് ഹൈക്കോടതിയില്‍ ആദ്യം ഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ പൊളിക്കാന്‍ ഉത്തരവായി. സൂപ്പര്‍ ടെക് കമ്പനി സുപ്രീകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ഫ്‌ലാറ്റ് വാങ്ങിയവര്‍ക്ക് വാങ്ങിയ തുകയും 12 ശതമാനം പലിശയും കമ്പനി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com