'അവര്‍ ഭരിക്കുന്ന സംസ്ഥനങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടി; ബിജെപി നിരക്ഷരരുടെ പാര്‍ട്ടി': മനീഷ് സിസോദിയ

രാജ്യം വിദ്യാഭ്യാസമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന, നിരക്ഷരരുടെ പാര്‍ട്ടിയാണ് ബിജെപി
മനീഷ് സിസോദിയ/പിടിഐ
മനീഷ് സിസോദിയ/പിടിഐ

ന്യൂഡല്‍ഹി: ബിജെപി നിരക്ഷരരുടെ പാര്‍ട്ടിയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സ്‌കൂളുകള്‍ നിര്‍മ്മിച്ചതില്‍ കെജരിവാള്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ ഡല്‍ഹിയിലേയും സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് ബിജെപിയുടെ ശ്രമം. പല സ്വകാര്യ സ്‌കൂളുകളേക്കാളും മികച്ച നിലയിലാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുള്ളത്. എന്നാല്‍ അവ അടച്ചുപൂട്ടാനാണ് ബിജെപി ശ്രമം.

അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പല സ്‌കൂളുകളും ഇതിനോടകം പ്രവര്‍ത്തനം നിര്‍ത്തിക്കഴിഞ്ഞു. ബിജെപിയുടെ ഭരണത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതെന്ന് അന്വേഷിക്കണം. രാജ്യം വിദ്യാഭ്യാസമില്ലാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന, നിരക്ഷരരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ആദ്യം തന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡുകള്‍ പാഴായതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ശ്രമം- സിസോദിയ ആരോപിച്ചു.

പത്ത് ദിവസം തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ട് സിബിഐക്ക് എന്താണ് കിട്ടിയത്? ആരോപണമുയര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഒന്നും അവര്‍ക്ക് കണ്ടെത്താനായില്ല. സ്‌കൂളുകള്‍ നിര്‍മ്മിച്ചതില്‍ നിയമലംഘനം നടത്തിയെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ അതുമായി ബന്ധപ്പെട്ടും ഒന്നും കണ്ടെത്തിയില്ല. തനിക്കെതിരേയുടെ ഈ ആരോപണങ്ങളെല്ലാം വ്യാജമാണ്-സിസോദിയ പറഞ്ഞു.

ഡല്‍ഹിയിലെ സ്‌കൂളുകള്‍ പല മികച്ച സ്വകാര്യ സ്‌കൂളുകളോടും കിടപിടിക്കുന്ന സൗകര്യങ്ങളുള്ളവയാണ്. 2015 മുതല്‍ 700 സ്‌കൂളുകളാണ് എഎപി സര്‍ക്കാര്‍ നിര്‍മിച്ചത്. ഇത് ബി.ജെ.പിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com