

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കടുത്ത നടപടി തുടരുന്നതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി. പ്രതിപക്ഷ നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. നാളെ വൈകീട്ട് നാലു മണിക്കും അഞ്ചു മണിക്കും ഇടയില്‍ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
നിലവിലെ സ്ഥിതിഗതികള്‍ ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുമെന്നും, തങ്ങളുടെ ആശങ്ക അറിയിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഞങ്ങള്‍ കാര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കും. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് ഒന്നും ആവശ്യപ്പെടാനാവില്ല. കൈകൂപ്പി അഭ്യര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. വിഷയത്തില്‍ ഇടപെടണമെന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്ത് അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
യുവജന പ്രതിഷേധങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ ഏകദേശം 32,000 പൊലീസുകാരെയും 7,500-ഓളം സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു. യുവജന പ്രക്ഷോഭങ്ങളെ കേന്ദ്രസര്‍ക്കാര്‍ എത്രത്തോളം ഭയക്കുന്നു എന്നത് ഇതു വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്തു പോലും ട്രെയിനുകളോ വിമാനങ്ങളോ തടഞ്ഞിട്ടില്ല. ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. ആളുകളെ അനധികൃതമായി അറസ്റ്റ് ചെയ്യുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
തലസ്ഥാനത്ത് സമാധാനപരമായി ഒത്തുകൂടുന്ന പ്രതിഷേധക്കാരെ പൊലീസ് അനധികൃതമായി തടങ്കലിൽ വെക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.പൗരന്മാർക്ക് പ്രതിഷേധിക്കാൻ മൗലികാവകാശമുണ്ടെന്നും എന്നാൽ അത് പൊലീസ് ആക്ടിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്കണമെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുമെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates