

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരുമാസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ ട്രംപിന്റെ ഇടപെടല്‍, ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം, എയര്‍ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാര്‍ലമെന്റില്‍ എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അടുത്തമാസം 21 വരെ അവധികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 21 സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 15 ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരും. മണിപ്പൂര്‍ ജി എസ് ടി ഭേദഗതി ബില്‍ അടക്കം പുതിയ എട്ടു ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. ആദായനികുതി ബില്‍, ഇന്ത്യന്‍ പോര്‍ട്‌സ് ബില്ലടക്കം നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചര്‍ച്ച നടത്തും. പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പ്രധാനമന്ത്രി വിദേശപര്യടനം നടത്തുന്നതും പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ അവഗണിച്ചാല്‍ സഭ പ്രക്ഷുബ്ധമായേക്കും.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങില്‍ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ആരായും. എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഉത്തരം തേടി അമ്പതോളം ചോദ്യങ്ങള്‍ എംപിമാര്‍ തയാറാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
