

ന്യൂഡൽഹി: ഇന്ത്യ നിരന്തരം ചെറുപ്പമാകുകയാണെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവൻ ഇന്ത്യയുടെ പ്രഗത്ഭ്യം തിരിച്ചറിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. സാമ്പത്തിക രംഗത്ത് വലിയ വികസനം കൈവരിച്ചു. എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരേ മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. യുവരാജാവിന് എന്തൊരു അഹങ്കാരമാണെന്നു മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രസംഗം തുടങ്ങിയതിനു പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിൽ ഇറങ്ങി. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മോദി, മോദി എന്നു വിളിച്ചാണ് ഭരണപക്ഷം പ്രധാനമന്ത്രിയെ രാജ്യസഭയിലേക്ക് വരവേറ്റത്. പിന്നാലെ പ്രസംഗം തുടങ്ങിയ മോദി പ്രതിപക്ഷത്തെ കണക്കറ്റു പരിഹസിച്ചു. ഖാർഗെ ഇരുന്നു പ്രതിഷേധിച്ചാൽ മതിയാകുമെന്നും യുവാക്കൾ ഒരുപാട് ഉണ്ടല്ലോയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
'പ്രതിഷേധിച്ച് തളർന്നവർ ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിനു ചോദ്യങ്ങളിൽ നിന്നു ഓടിയൊളിക്കാൻ ആകില്ല. രാജ്യത്ത് എല്ലാ മേഖലയിലും വൻ മുന്നേറ്റമാണ്. കായിക, ശാസ്ത്ര രംഗങ്ങളിൽ ആത്മവിശ്വാസം വർധിച്ചു. ലോകം ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുകയാണ്. സമ്പദ് വ്യവസ്ഥ വളരുകയും പണപ്പെരുപ്പം കുറയുകയുമാണ്. എന്റെ രാജ്യത്തിന്റെ മിടുക്ക് ലോകം കാണുകയാണ്. ഈ വികസനത്തിനു പിന്നിൽ രാജ്യത്തിന്റെ നിശ്ചദാർഢ്യമാണ്.'
'ഇന്ത്യ ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കി. ഇന്ത്യ- യുഎസ് കരാർ എല്ലാ വിഭാഗം ജനങ്ങൾക്കും നേട്ടമാകും. ലോക വിപണിയാണ് ഇന്ത്യക്ക് മുന്നിൽ തുറക്കുന്നത്. ഇന്ത്യ ലോകത്തോടു മത്സരിക്കാൻ പൂർണമായും തയ്യാറാണ്. നേരത്തെയുള്ള ഭരണ കാലത്തെ പ്രതിച്ഛായ മോശമായിരുന്നു'- മോദി വ്യക്തമാക്കി.
കോൺഗ്രസിനെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. രാജ്യത്തെ ജനങ്ങളേയും രാഷ്ട്രപതിയേയും കോൺഗ്രസ് അപമാനിക്കുന്നു. കോൺഗ്രസിനു ഇപ്പോഴും സിഖ് വിരോധമുണ്ട്. ഇന്ത്യയുടെ വളർച്ചയ്ക്കു വേണ്ടിയല്ല കോൺഗ്രസ് പ്രവർത്തിച്ചത്. മമത ബാനർജി നുഴഞ്ഞു കയറ്റക്കാർക്കായി ബംഗാളിൽ അദാലത്ത് നടത്തുകയാണെന്നും മോദി ആരോപിച്ചു.
മുൻ കരസേന മേധാവി ജനറൽ എംഎം നരവനയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതതിനെ ചൊല്ലിയുള്ള ബഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചു. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെയാണ് പാസാക്കിയത്. പിന്നാലെയാണ് രാജ്യസഭയിലെ മോദിയുടെ മറുപടി പ്രസംഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates