

ബംഗളൂരു: മഹാത്മാഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് 17 വര്‍ഷമെടുത്തുവെന്ന ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് കര്‍ണാടക ഹൈക്കോടതി. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് ഈ ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് കെ എസ് ഹേമലേഖ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'സത്യാന്വേഷണ പരീക്ഷണങ്ങള്‍' ലെ കാണാതായ ഒരു അധ്യായത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ ഹര്‍ജിക്കാരന്‍ നേരത്തെയും സമാനമായ ഒരു ഹര്‍ജി നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പുതിയ ഹര്‍ജിയിലും സമാനമായ ഒരു ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു. നിലവിലെ ഹര്‍ജിക്ക് ആധാരമായ മതിയായ തെളിവുകളോ വിവരങ്ങളോ സമര്‍പ്പിച്ചിട്ടില്ല.
മഹാത്മാഗാന്ധിയുടെ ആത്മകഥയിലെ കാണാതായ അധ്യായത്തെക്കുറിച്ച് ആവശ്യപ്പെട്ട് ഇതേ വ്യക്തി മുമ്പ് ഒരു ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജി 2025 ഓഗസ്റ്റ് 28-ന് തള്ളിയതാണ്. പൊതുതാല്‍പ്പര്യാര്‍ത്ഥം പരിഹാരം തേടുന്നതിനേക്കാള്‍, പബ്ലിസിറ്റി നേടാനുള്ള ഒരു ശ്രമമാണ് ഈ ഹര്‍ജിയെന്ന് കോടതി വ്യക്തമാക്കി. 10,000 രൂപ പിഴയും കോടതി ഈടാക്കി. ഈ തുക 2 ആഴ്ചയ്ക്കകം ലീഗല്‍ എയ്ഡ് സര്‍വീസസില്‍ നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.
'ജാഗ്രത കര്‍ണാടക, ജാഗ്രത ഭാരത' എന്ന സംഘടനയുടെ പ്രസിഡന്റ് കെ എന്‍ മഞ്ജുനാഥ് കഴിഞ്ഞ വര്‍ഷമാണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്. 1947-ല്‍ നടന്ന ഗാന്ധിജിയുടെ വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് 1965 വരെ കാത്തിരുന്നത് എന്ന് പരിശോധിക്കാന്‍ ഒരു സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഗാന്ധിജിയുടെ കത്തുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ കാണാതായെന്ന് പറയപ്പെടുന്ന 'അധ്യായം 2' കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2008-ല്‍ നെഹ്റു മ്യൂസിയത്തില്‍ നിന്ന് മാറ്റിയ രേഖകളുടെ പെട്ടികളില്‍ ഈ അധ്യായം ഉണ്ടായിരുന്നു എന്നാണ് ആദ്യത്തെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. 1947 മെയ് മാസത്തില്‍ ബ്രിട്ടീഷ് വൈസ്രോയിക്ക് അയച്ച കത്തില്‍, ഇന്ത്യയുടെ വിഭജനം തടയുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി 'സായുധ പോരാട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍' ഗാന്ധിജിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ മറ്റൊരു ആവശ്യം.
ഇന്ത്യന്‍ ചരിത്രത്തില്‍ ഗുരുതരമായ വിടവുകളുണ്ടെന്ന് 'ജാഗ്രത കര്‍ണാടക, ജാഗ്രത ഭാരത' ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയും കഴിഞ്ഞ വര്‍ഷം തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് രാജ്യത്ത് അസ്ഥിരതയ്ക്ക് കാരണമാകുമെന്നും അന്നത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കാണാതായ അധ്യായം
കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്റുവും ചേര്‍ന്ന് പ്രസിദ്ധീകരിക്കാതിരിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കപില്‍ സിബല്‍, കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ കക്ഷികള്‍ക്ക് താന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിവേദനങ്ങള്‍ അയച്ചുവെന്നും അതിന് മറുപടി നല്‍കാന്‍ അവരോട് കോടതി ആവശ്യപ്പെടണമെന്നും ഹര്‍ജിയിലുണ്ട്. എന്നാല്‍ എല്ലാ ആവശ്യങ്ങളെയും കോടതി തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates