

ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ ആക്കിയിരുന്നു.
ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്തര്‍ അമിര്‍ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
'ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതിനെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇവരില്‍ എട്ടുപേരില്‍ ഏഴുപേരും ഇന്ത്യയില്‍ തിരിച്ചെത്തി. ഈ പൗരന്മാരെ മോചിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുവദിച്ച ഖത്തര്‍ സ്റ്റേറ്റ് അമീറിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു,'- വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
2023 ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചത്.
അല്‍ ദഹ്‌റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
