പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ചൂടില്‍; രാഹുല്‍ഗാന്ധി വീണ്ടും വിദേശത്തേക്ക്; പഞ്ചാബില്‍ കോൺ​ഗ്രസ് റാലി മാറ്റിവെച്ചേക്കും

രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്ന സമയത്തുതന്നെ പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി  പങ്കെടുക്കുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടക്കവെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി വിദേശപര്യടനത്തിന്. രാഹുല്‍ നാളെ ഇറ്റലിക്ക് പോകുമെന്നാണ് വിവരം. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. 

വ്യക്തിപരമായ കാര്യങ്ങളാല്‍ രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകുകയാണ്. ബിജെപിയും മാധ്യമസുഹൃത്തുക്കളും അനാവശ്യ അപവാദങ്ങള്‍ പരത്തരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ എത്രദിവസത്തേക്കാണ് യാത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ജനുവരി മൂന്നിന് മോഗ ജില്ലയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ വിദേശപര്യടനത്തെ തുടര്‍ന്ന് മോഗയിലെ റാലി മാറ്റിവെച്ചേക്കുമെന്നാണ് സൂചന. 

ചര്‍ച്ചയാക്കാന്‍ ബിജെപി

രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്ന സമയത്തുതന്നെ പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് മോദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ബിജെപിയുടെ റാലി നടക്കുക. രാഹുല്‍ഗാന്ധിയുടെ ഇറ്റലി യാത്ര തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാക്കാനായിരിക്കും ബിജെപിയുടെ ശ്രമം.

അഞ്ചുസംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേക്ക്

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് പാര്‍ട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. നിലവില്‍ ഭരണത്തിലുള്ള പഞ്ചാബില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഠിനപരിശ്രമം വേണ്ടിവരും. അതിനിടെ രാഹുലിന്റെ അപ്രതീക്ഷിത വിദേശപര്യടനവും അതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നീട്ടിവെക്കുന്നതും തിരിച്ചടിയാകുമോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. 

പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പും വിദേശയാത്ര

നേരത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പും രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പോയിരുന്നു. ഒരുമാസത്തോളമാണ് വിദേശത്ത് തങ്ങിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ, കോണ്‍ഗ്രസ് നേതാവിന്റെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. വന്‍തോതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് തലേന്ന് രാഹുല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com