

ന്യൂഡല്‍ഹി: ടിഡിപി പാര്‍ട്ടിയില്‍ നിന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിയാവാന്‍ പോകുന്ന റാം മോഹന്‍ നായിഡു, ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. ശീകാകുളത്ത് നിന്നുള്ള എംപിയായ റാം മോഹന്‍ മുന്‍ കേന്ദ്രമന്ത്രി യേരന്‍ നായിഡുവിന്റെ മകനാണ്. ചുമതലയേറ്റാല്‍ ഈ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാകും ഇദ്ദേഹം.
36 വയസ് മാത്രം പ്രായമുള്ള റാം മോഹന്‍ നായിഡു തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ശ്രീകാകുളത്ത് നിന്ന് എംപിയായത്. 3.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിലക് പേരടയെയാണ് തോല്‍പ്പിച്ചത്. ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ റാം മോഹന്‍ നായിഡുവിന്റെ അച്ഛന്‍ യേരന്‍ നായിഡു 1996-98 കാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിയായത്.
ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ പഠിച്ചതിന് ശേഷം, റാം മോഹന്‍ നായിഡു യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും തുടര്‍ന്ന് ലോംഗ് ഐലന്‍ഡില്‍ നിന്ന് എംബിഎയും നേടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2012 നവംബര്‍ 2 ന് അദ്ദേഹത്തിന്റെ പിതാവ് യേരന്‍ നായിഡു റോഡപകടത്തില്‍ മരിക്കുമ്പോള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് റാം മോഹന്‍ നായിഡുവിന്റെ രാഷ്ട്രീയ പ്രവേശനം. 26-ാം വയസ്സിലാണ് അദ്ദേഹം ശ്രീകാകുളം ലോക്സഭാ സീറ്റില്‍ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചത്. പതിനാറാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു. പിതാവിനെപ്പോലെ തന്നെ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് റാം മോഹന്‍ കണക്കാക്കപ്പെടുന്നത്.
2021ലെ ബജറ്റ് സെഷനിടെ, ഭാര്യയുടെ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് പിതൃത്വ അവധി എടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ലിംഗപരമായ റോളുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പാര്‍ലമെന്റില്‍ ആര്‍ത്തവ ആരോഗ്യ വിദ്യാഭ്യാസത്തിനും ലൈംഗിക വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച ആദ്യ എംപിമാരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ സാനിറ്ററി പാഡുകളുടെ ജിഎസ്ടി നീക്കം ചെയ്യുന്നതിനായി സജീവമായി പ്രചാരണവും അദ്ദേഹം നടത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates