

ചെന്നൈ: വാക്കുകളുടെ ശക്തി ആഘോഷിക്കുന്നതില്‍ രാംനാഥ് ഗോയങ്കയുടെ പാരമ്പര്യവുമായി ബന്ധപ്പെടാന്‍ തനിക്ക് ജീവിതകാലം മുഴുവന്‍ ലഭിച്ച ഈ ബഹുമതിക്ക് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് നന്ദി പറയുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മൂന്നാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ അവാര്‍ഡ് സ്വീകരിച്ച് എഴുത്തുകാരി സുബി തബ. 'Tales from the Dawn-Lit Mountains: Stories from Arunachal Pradesh' എന്ന പുസ്തകത്തിന് ബെസ്റ്റ് ഫിക്ഷന്‍ അവാര്‍ഡ് ആണ് സുബി തബയെ തേടിയെത്തിയത്.
'ഈ അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് ശരിക്കും അഭിമാനമുണ്ട്. ഇന്ത്യന്‍ ഭൂപടത്തിലെ ഏറ്റവും ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള കഥകളും സാഹിത്യ ലോകത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. അരുണാചല്‍ പ്രദേശിലെ പര്‍വതഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയായി വളര്‍ന്ന എന്റെ ജീവിതത്തിന്റെ ഒരു സ്മാരകമാണ് ഈ പുസ്തകം. എന്റെ പര്‍വതങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അവ പറയുമായിരുന്ന കഥകളാണിവ'- സുബി തബ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ആദരണീയരായ സാഹിത്യകാരന്മാരില്‍ ഒരാളായ ചന്ദ്രശേഖര കമ്പാര്‍ക്ക് ആണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചത്. കന്നഡ എഴുത്തുകാരനും നാടകകൃത്തും നാടോടി കഥാകാരനും നാടക പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരമാണ് നല്‍കിയത്. ചന്ദ്രശേഖര കമ്പാറിന്റെ 89-ാം ജന്മദിനവും ഈ ചടങ്ങില്‍ ആഘോഷിച്ചു.
ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍, രാംനാഥ് ഗോയങ്കയുടെ പേരിലുള്ള ഒരു അവാര്‍ഡ് ലഭിക്കുന്നതിനെ താന്‍ വളരെയധികം വിലമതിക്കുന്നുവെന്ന് നോണ്‍- ഫിക്ഷന്‍ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ച എഴുത്തുകാരന്‍ സുദീപ് ചക്രവര്‍ത്തി പറഞ്ഞു. 'Fallen City: A Double Murder, Political Insanity, and Delhi's Descent from Grace' എന്ന പുസ്തകമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 'ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, ജീവചരിത്രങ്ങള്‍, സ്ഥലം, ആളുകള്‍ എന്നിവയെല്ലാം ഇന്ന് നോണ്‍-ഫിക്ഷന്റെ പ്രമേയമായി മാറുന്ന കാലമാണ്. ആശയങ്ങളുടെ യുദ്ധക്കളം അല്ലെങ്കില്‍ ഭാവിയിലേക്കുള്ള പോരാട്ടം എന്ന് നമുക്ക് ഇതിനെ വിളിക്കാം, ഒരു എഴുത്തുകാരനാകാന്‍ ഇതിലും നല്ല സമയമില്ല. എന്റെ സഹ അവാര്‍ഡ് ജേതാക്കളെ പോലെ, ചരിത്രത്തിലെ ഈ സ്ഥലത്ത് നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു'- സുദീപ് ചക്രവര്‍ത്തി പറഞ്ഞു.
കോര്‍പ്പറേറ്റ് - രാഷ്ട്രീയ കൂട്ടുകെട്ട് മാധ്യമങ്ങളെ ഭരിക്കുകയും ഇന്ത്യന്‍ തൊഴിലാളികളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്ത ഈ സമയത്തും തൊഴിലാളികളുടെ അധ്വാനത്തിന്റെ വില ഓര്‍മ്മപ്പെടുത്താന്‍ ഈ അവാര്‍ഡ് സഹായിക്കുമെന്ന് എഴുത്തുകാരി നേഹ ദീക്ഷിത് പറഞ്ഞു. നേഹയുടെ 'the Many Lives of Syeda X: The Story of an Unknown Indian' എന്ന കൃതിക്കാണ് നവാഗത എഴുത്തുകാരനുള്ള അവാര്‍ഡ് ലഭിച്ചത്. പതിറ്റാണ്ടുകളായി ജോലി ചെയ്തിട്ടും മിനിമം വേതനം കണ്ടെത്താന്‍ കഴിയാത്ത തൊഴിലാളികളുടെ ജീവിതത്തെ മുന്‍പന്തിയില്‍ നിര്‍ത്താന്‍ ഈ അവാര്‍ഡ് സഹായിക്കും. ഇന്ത്യ ഒരിക്കലും അതിന്റെ ശബ്ദങ്ങളുടെ വൈവിധ്യവും സമൂഹങ്ങള്‍, മതങ്ങള്‍, പ്രദേശങ്ങള്‍ എന്നിവയിലുടനീളം അതിന്റെ ജനങ്ങളുടെ അധ്വാനവും മറക്കില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates