

ചെന്നൈ: തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്ന മണ്ഡലങ്ങളിൽ നിന്ന് ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം എന്നിവയിൽപ്പെടുന്നവരെ മാത്രമേ മത്സരിക്കാൻ അനുവദിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യം ഉറപ്പു വരുത്താൻ എല്ലാ റിട്ടേണിങ് ഓഫീസർമാർക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ദു മക്കൾ കച്ചി (ഐഎംകെ) സ്ഥാപക പ്രസിഡന്റ് അർജുനൻ സമ്പത്ത് ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഭരണഘടനയുടെ രണഘടന (പട്ടികജാതി) ഉത്തരവിലെ ആർട്ടിക്കിൾ 341(1) പ്രകാരം, ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസത്തിൽപ്പെടുന്ന വ്യക്തികളെ മാത്രമേ പട്ടികജാതി സമൂഹത്തിലെ അംഗങ്ങളായി കണക്കാക്കാവൂ എന്ന് സമ്പത്ത് തന്റെ ഹർജിയിൽ വാദിച്ചു.
കഴിഞ്ഞ അതിർത്തി നിർണ്ണയ ഉത്തരവ് പ്രകാരം തമിഴ്‌നാട്ടിൽ 44 മണ്ഡലങ്ങളാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ സ്ഥാനാർത്ഥികളിൽ 90 ശതമാനവും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരാണെന്ന് സമ്പത്ത് ഹർജിയിൽ പറയുന്നു. ഇവർ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിൽ വിശ്വസിക്കുന്നവരല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു സ്ഥാനാർത്ഥിയെയും സംവരണ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അനുവദിക്കരുത്. അവരുടെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ അംഗീകരിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നാമനിർദ്ദേശ പത്രികകളിൽ സൂക്ഷ്മപരിശോധന നടത്തി, പട്ടിക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹിന്ദു, സിഖ് , ബുദ്ധ മതത്തിൽപ്പെട്ടവരെ മാത്രമേ പട്ടിക വിഭാഗത്തിൽപ്പെട്ടവരായി കണക്കാക്കാൻ കഴിയൂ. പട്ടികജാതി- വർഗ സമുദായത്തിൽപ്പെട്ടവരല്ലാത്ത മറ്റാർക്കും ഭരണഘടന പ്രകാരം പട്ടിക വിഭാഗ സമുദായങ്ങൾക്ക് നൽകുന്ന ആനുകൂല്യം ആസ്വദിക്കാൻ കഴിയില്ലെന്നുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയും സമ്പത്ത് ഹർജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. സംവരണ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ കർശനമായി പരിശോധിക്കാൻ ഉത്തരവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates