

ന്യൂഡല്‍ഹി: രാജ്യത്തുടനീളം അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി. ഈ ഉത്തരവ് ഭേദഗതി ചെയ്യണം. രാജ്യത്ത് ഉടനീളം കന്നുകാലികള്‍ക്കായി അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 7,000 കോടി രൂപ ചെലവ് വരും. അഖിലേന്ത്യാ തലത്തില്‍ ഇതു നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പ്രാദേശിക ഭരണകൂടങ്ങളാണ് ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടതെന്നും ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ്, NHAIക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കായി രാജ്യത്തുടനീളം ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായി ദേശീയപാത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
ദേശീയപാത അതോറിറ്റിയുടെ അപേക്ഷ പരിഗണിക്കുന്നതിനായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് പുനഃസ്ഥാപിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തെരുവുനായ്ക്കളുടെയും കന്നുകാലികളുടെയും പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ ഇക്കാര്യം ഉന്നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates