'സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം'; ബിജെപിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി, റിപ്പോര്‍ട്ട്

ബിജെപിയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്
Sharad Pawar
ശരദ് പവാറും സുപ്രിയ സുലെയും ഫയൽ
Edited By:
Updated on: 
1 min read

മുംബൈ: ബിജെപിയുമായി ചേര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതിനും, മണ്ഡല പുനര്‍നിര്‍ണ്ണയ (delimitation), വനിതാ സംവരണ ബില്ലുകളെ പിന്തുണയ്ക്കുന്നതിനും പകരമായി, തന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആക്കണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാര്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഒരു പ്രധാന വകുപ്പ് നല്‍കാമെന്നാണ് തുടക്കത്തിലേ ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍, അതിനു പകരം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് ശരദ് പവാര്‍ ആവശ്യപ്പെട്ടത്.

നേരത്തെ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ പോയ മണ്ഡല പുനര്‍നിര്‍ണ്ണയ, വനിതാ സംവരണ ബില്ലുകള്‍ ഇത്തവണ പാസാക്കിയെടുക്കാന്‍ ആവശ്യമായ അംഗബലം ഉറപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിനായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബിജെപി ലക്ഷ്യമിടുന്നത്.

സുപ്രിയയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയാല്‍, പകരമായി മണ്ഡല പുനര്‍നിര്‍ണ്ണയ, വനിതാ സംവരണ ബില്ലുകളെ പിന്തുണയ്ക്കാന്‍ ചെറിയ പാര്‍ട്ടികളെ അണിനിരത്താമെന്ന് ശരദ് പവാര്‍ ഉറപ്പുനല്‍കിയതായാണ് വിവരം. കൂടാതെ, അതൃപ്തരായ ചില കോണ്‍ഗ്രസ് എം.പിമാരുമായും പവാര്‍ ബന്ധപ്പെടുന്നുണ്ടെന്നും, പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ അവര്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അറിയിക്കുന്നത്.

എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഈ ചര്‍ച്ചകള്‍ക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരു എന്‍സിപികളുടേയും ലയനത്തിന് ബിജെപി ശ്രമിച്ചെങ്കിലും, സുനേത്ര പവാര്‍ നിരസിക്കുകയായിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് (എന്‍സിപി-എസ്പി) മഹാരാഷ്ട്ര സര്‍ക്കാരില്‍ നിര്‍ണായകമായ രാഷ്ട്രീയ ഇടം നല്‍കിക്കൊണ്ട്, മറ്റൊരു ഒത്തുതീര്‍പ്പ് ഫോര്‍മുല ബിജെപി ഇപ്പോള്‍ ആലോചിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന എന്‍സിപി നേതാവ് സൂചിപ്പിച്ചു.

ശരദ് പവാര്‍ പക്ഷത്തിന് ധനകാര്യ വകുപ്പോ, മുഖ്യമന്ത്രി സ്ഥാനം തന്നെയോ നല്‍കാന്‍ ബിജെപി തയ്യാറായാല്‍, സുനേത്ര പവാറിനെയും മകന്‍ പാര്‍ത്ഥിനെയും തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കിയേക്കാം. അവര്‍ക്ക് ശരദ് പവാറിന്റെ നേതൃത്വം അംഗീകരിക്കുകയോ, അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറുകയോ ചെയ്യേണ്ടി വന്നേക്കാം. എന്‍സിപിയുടെ ഇരു വിഭാഗങ്ങളുടെയും നേതൃത്വം ശരദ് പവാര്‍ ഏറ്റെടുക്കണമെന്നും, സംസ്ഥാന സര്‍ക്കാരില്‍ കൂടുതല്‍ വലിയ പങ്ക് വഹിക്കണമെന്നും പല മുതിര്‍ന്ന നേതാക്കളും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Summary

Sharad Pawar seeks Maharashtra CM post for Supriya Sule amid alleged talks with BJP for NDA entry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER