മുംബൈ: വിവാദമായ ഷീനാ ബോറ വധക്കേസിൽ നിർണായക വഴിത്തിരിവ്. ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകൾ കശ്മീരിൽ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട് കേസിൽ പ്രതിയായ ഇന്ദ്രാണി മുഖർജി സിബിഐക്കു കത്തയച്ചു. ഷീന ജീവിച്ചിരിപ്പുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിബിഐ ഡയറക്ടർക്ക് അയച്ച കത്തിൽ ഇന്ദ്രാണി ആവശ്യപ്പെട്ടു.
ജയിലിൽ വച്ച് പരിചയപ്പെട്ട സ്ത്രീ ഷീനയെ താൻ കശ്മീരിൽ കണ്ടുവെന്ന് വെളിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. സിബിഐക്കു കത്തയച്ചതിനു പുറമേ പ്രത്യേക സിബിഐ കോടതിയിൽ ഇന്ദ്രാണി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അടുത്തുതന്നെ ഇതു പരിഗണിക്കും. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഷീന ബോറ വധക്കേസിൽ 2015ൽ അറസ്റ്റിലായ ഇന്ദ്രാണി, മുംബൈയിലെ ബൈക്കുള ജയിലിലാണ് കഴിയുന്നത്. ഇവരുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ദ്രാണി. ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകളാണ് ഷീന ബോറ. ഷീനയെ ഇന്ദ്രാണി മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്.
ഗൂഢാലോചനയിൽ പങ്കാളിയായെന്ന സംശയമാണ് ഇപ്പോഴത്തെ ഭർത്താവായ പീറ്റർ മുഖർജിയെ കുരുക്കിയത്. സ്റ്റാർ ഇന്ത്യ മുൻ സിഇഒ ആയ പീറ്റർ മുഖർജിയുടെ ആദ്യ ഭാര്യയിലെ മകൻ രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടർന്നാണു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്.
ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടർന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. ഷീനയും ഇന്ദ്രാണിയും സഹോദരിമാരാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. രണ്ടാം ഭർത്താവായ പീറ്റർ മുഖർജിക്ക് ഉൾപ്പെടെ സഹോദരിയെന്നാണ് ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയത്.
മുംബൈയിൽ വീടു വാങ്ങി നൽകണമെന്ന് ഷീന സ്ഥിരമായി ഭീഷണപ്പെടുത്തിയതോടെ അവരെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് കരുതുന്നത്. ബാന്ദ്രയിൽ വച്ച് ഷീനയെ കൊന്ന ശേഷം മൃതദേഹം റായ്ഗഡിൽ കൊണ്ടുപോയി നശിപ്പിച്ചുവെന്നതിനു തെളിവുണ്ടെന്നാണ് സിബിഐ പറയുന്നത്. എന്നാൽ ഇന്ദ്രാണി ഇതു നിഷേധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates