

ന്യൂഡല്‍ഹി: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അത്തരം പരസ്യങ്ങള്‍ അടിയന്തരമായി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതോ അവ ലഭ്യമാക്കുന്നതോ ആയ എല്ലാ പരസ്യങ്ങളും ലിങ്കുകളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാനാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബിബിസി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. ഇന്ത്യയില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പരസ്യങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍ക്കുന്ന ടെലിഗ്രാം ചാനലുകളുടെ ലിങ്കുകള്‍ ലഭ്യമാകുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ഒരു അക്കൗണ്ടില്‍ നിന്നാണ് ഈ പരസ്യങ്ങള്‍ വന്നതെന്നും ഇന്‍സ്റ്റഗ്രാമിന്റെ സെന്‍സറിങ് സംവിധാനങ്ങളെ മറികടന്നാണ് ഇവ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സംഭവത്തോട് പ്രതികരിച്ച മെറ്റ, നിയമലംഘനം നടത്തിയ നിരവധി അക്കൗണ്ടുകളും പരസ്യങ്ങളും യുആര്‍എല്ലുകളും ഇതിനകം തന്നെ നീക്കം ചെയ്തതായി അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ എതിരെ തങ്ങള്‍ക്ക് 'സീറോ ടോളറന്‍സ്' നയമാണുള്ളതെന്ന് മെറ്റ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, കോടിക്കണക്കിന് ഉപയോക്താക്കള്‍ക്കിടയില്‍ കുറ്റവാളികളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്നും മെറ്റ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates