

മുംബൈ: ഇന്ത്യന്‍ വ്യസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ ആ സ്‌നേഹവായ്പ് അനുഭവിച്ച മനുഷ്യര്‍ക്കു മാത്രമല്ല, ദക്ഷിണ മുംബൈയിലെ തെരുവുനായകള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ ഉറ്റ ചങ്ങാതിയെയാണ് അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാകുന്നത്. ബോംബെ ഹൗസിലേക്ക് കടന്നു ചെല്ലുമ്പോള്‍ മറ്റേതൊരു കമ്പനിയുടെ ആസ്ഥാനത്ത് നിന്നും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാകുക.
കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടത്തിന്റെ പ്രവേശന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തെരുവ് നായകള്‍ അശ്രദ്ധമായി നടക്കുന്നത് പതിവു കാഴ്ചയാണ്. തെരുവുനായകളെ അകത്തേക്ക് കടത്തിവിടാനും സ്വതന്ത്രമായി പുറത്തേക്ക് പോകാനും അനുവദിക്കണമെന്ന് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരിക്കല്‍ ബോംബെ ഹൗസിന് വെളിയില്‍ ഒരു തെരുവ് നായ കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്നതു കണ്ടതോടെയാണ്, കെട്ടിട വളപ്പിനുള്ളിലേക്ക് തെരുവുനായ്കളുടെ പ്രവേശനം തടയരുതെന്ന് നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ബോംബെ ഹൗസ് നവീകരിച്ചപ്പോള്‍, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നായക്കൂടു പണിതു. മികച്ച സൗകര്യങ്ങളുള്ള ആ വലിയ മുറിയില്‍ നിരവധി നായകളാണ് കഴിഞ്ഞത്.
ഏതാനും നായകള്‍ ബോംബെ ഹൗസിലെ സ്ഥിരം നിവാസികളാണ്. ആദ്യമായി എത്തുന്നവരെ കുളിപ്പിക്കാനായി ഒരു പരിചാരകനെ നിയമിച്ചിട്ടുണ്ട്. അവയ്ക്ക് ഉറങ്ങാന്‍ ബങ്ക് ബെഡും ഒരുക്കിയിട്ടുണ്ട്. മുറിയില്‍ കാറ്റും വെളിച്ചവും കടക്കാന്‍ വലിയ വാതിലുകളും ജനാലകളുമുണ്ട്. സ്ഥിരം വാസികളെക്കൂടാതെ, സന്ദര്‍ശകരായി എത്തുന്ന നായകള്‍ക്കും തുല്യ പരിഗണനയും പരിചരണവും അവിടെ ലഭിക്കുന്നു.
വളര്‍ത്തുമൃഗങ്ങളോടും തെരുവുനായകളോടുമുള്ള രത്തന്‍ ടാറ്റയുടെ സ്‌നേഹം ബോംബെ ഹൗസിന്റെ പരിസരവാസികള്‍ക്ക് നിത്യകാഴ്ചയാണ്. ഈ വര്‍ഷമാദ്യം, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അതിഥി, ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ഒരു തെരുവ് നായ ശാന്തമായി ഉറങ്ങുന്ന കഥ പങ്കുവെച്ചിരുന്നു. അതിനു കാരണം രത്തന്‍ ടാറ്റയുടെ നിര്‍ദ്ദേശമായിരുന്നു.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്, സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രി നിര്‍മ്മിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായിയായ ശന്തനു നായിഡുവുമായി ബന്ധിപ്പിച്ചത്. തെരുവുനായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഫ്‌ലക്ടറുകളുള്ള ഡോഗ് കോളറിനെ കുറിച്ച് ടാറ്റയ്ക്ക് കത്തെഴുതിയതാണ് പൂനെ സ്വദേശിയായ നായിഡുവുമായി രത്തനെ അടുപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates