

ന്യൂഡല്‍ഹി: പ്രൊബേഷനിലുള്ള ഗര്‍ഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം വിലക്കുന്ന 1993-ലെ സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. സ്ത്രീകള്‍ ആരോഗ്യപരമായി യോഗ്യരാണെങ്കില്‍ അവര്‍ക്കുള്ള അവസരങ്ങള്‍ നിഷേധിക്കാന്‍ ഈ നയം ഉപയോഗിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐപിഎസ് ഉദ്യോഗസ്ഥയായ ഉര്‍വശി സെന്‍ഗര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന്റെ 1993-ലെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ സാധുതയും കോടതി പരിശോധിച്ചു. ഇത് സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ആനുകൂല്യമാണ്. അല്ലാതെ അവര്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ പരിശീലനത്തിനുള്ള അവകാശം ഇല്ലാതാക്കാനുള്ളതല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. അവര്‍ യോഗ്യയായിരിക്കുമ്പോള്‍ നിങ്ങളെന്തിനാണ് അവരെ തടയുന്നത്? എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് ഉചിതമാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. പ്രസവം കഴിഞ്ഞ് ഒന്‍പത് മാസത്തിനുള്ളില്‍ ചില സ്ത്രീകള്‍ക്ക് പരിശീലനം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ കര്‍ശനമായ ഒരു നയത്തിന് പകരം വ്യക്തിഗതമായി വിലയിരുത്തണമെന്നും കോടതി സൂചിപ്പിച്ചു. എന്നാല്‍, ഈ നയത്തില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തു. ഒരു കേസില്‍ ഇളവ് നല്‍കുന്നത് സമാനമായ നിരവധി ആവശ്യങ്ങളുമായി ആളുകള്‍ വരാന്‍ ഇടയാക്കുമെന്നും കേന്ദ്രം വാദിച്ചു. എന്നാല്‍, മുന്‍പ് സമാനമായ രണ്ട് കേസുകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും 1993-ലെ നയം നിലനില്‍ക്കെത്തന്നെ വനിതാ ഉദ്യോഗസ്ഥരെ പരിശീലനം തുടരാനോ പുനരാരംഭിക്കാനോ അനുവദിച്ചിട്ടുണ്ടെന്നും സെന്‍ഗറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വനിതാ ഐ.പി.എസ് പ്രൊബേഷണര്‍മാര്‍ തങ്ങളുടെ പരിശീലന കാലയളവില്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന, ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 1993-ലെ ഓഫീസ് മെമ്മോറാണ്ടത്തിന്റെ ഭരണഘടനാ സാധുതയെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. ഒരു ഉദ്യോഗസ്ഥ ഗര്‍ഭിണിയായാല്‍ അവരുടെ പരിശീലനം ഉടനടി നിര്‍ത്തലാക്കണമെന്നാണ് ഇതില്‍ പറയുന്നു. ഈ നയമനുസരിച്ച്, പ്രസവശേഷം ഒരു വര്‍ഷത്തേക്ക് ഉദ്യോഗസ്ഥ പരിശീലനത്തില്‍ നിന്ന് മാറിനില്‍ക്കണം, അതിനുശേഷമേ പരിശീലനം പുനരാരംഭിക്കാനാകൂ. ഈ കാലയളവ് അസാധാരണ അവധിയായി കണക്കാക്കുമെങ്കിലും അത് സീനിയോറിറ്റിയെ ബാധിക്കില്ല. ആരോഗ്യരംഗത്തെ പുരോഗതിയും ഭരണഘടനാപരമായ ഉറപ്പുകളുടേയും പശ്ചാത്തലത്തില്‍ ഒരു സമ്പൂര്‍ണ നിരോധനം തുടരണോ അതോ വ്യക്തിഗത മെഡിക്കല്‍ പരിശോധനയുടെയും ശാരീരികക്ഷമതയുടെയും അടിസ്ഥാനത്തില്‍ വേണമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.
മധ്യപ്രദേശ് കേഡര്‍ ലഭിച്ച 2023 ബാച്ചിലെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഉര്‍വശി സെന്‍ഗര്‍, 2023 നവംബറിലാണ് ഒന്നാം ഘട്ട പരിശീലനത്തിനായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ചേര്‍ന്നത്. ക്ലാസ് റൂം സെഷനുകളും അക്കാദമിക് മൊഡ്യൂളുകളും ഇന്‍സ്റ്റിറ്റിയൂഷണല്‍ അറ്റാച്ച്മെന്റുകളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ട പരിശീലനത്തിനിടെയാണ് ഗര്‍ഭിണിയാകുന്നത്. അടുത്ത ഫേസ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ നിയമനടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.