

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിക്കാതെയാണ് കോടതിയുടെ നിര്‍ദേശം.
തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ സാധുവായ രേഖകളായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും സൂപ്രീം കോടതി വ്യക്താക്കി. ഈ മാസം 21നകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും.
ഭരണഘടയനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കമ്മീഷന്റെ ആത്മാര്‍ഥതയില്‍ സംശയമില്ലെന്നും എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമത്തില്‍ കോടതി സംശയം ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം എന്തിനാണെന്നും സുപ്രിംകോടതി ചോദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നാണ് ഹരജികളിലെ പ്രധാന വാദം. രാജ്യത്തെ പൗരന്റെ വോട്ട് അവകാശം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയാല്‍ ആര്‍ട്ടിക്കിള്‍ 19ന്റെ ലംഘനമെന്ന് കപില്‍ സിബല്‍ വാദിച്ചു. 2025ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന എല്ലാവരും പുതിയ വോട്ടര്‍ പട്ടികയിലും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണ നല്‍കി. വോട്ടര്‍ പട്ടികയില്‍ മാതാപിതാക്കളുടെ പേര് ഇല്ലാത്തവര്‍ മാത്രമാണ് പൗരത്വം തെളിയിക്കേണ്ട രേഖകള്‍ നല്‍കേണ്ടതെന്നും 60%പേര്‍ ഇത് സംബന്ധിക്കുന്ന രേഖകള്‍ നല്‍കി എന്നും കമ്മീഷന്‍ വ്യക്തമാക്കി.
അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
