

ചെന്നൈ: അവിവാഹിതരായ തമിഴ് ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടിയതോടെ ജീവിത പങ്കാളികളെ തേടി സമുദായ സംഘടനയുടെ അന്വേഷണം ഉത്തരേന്ത്യയിലേക്ക്. 30നും 40നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം വർധിച്ചതോടെയാണ് തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ഇതിനായി ഡൽഹി, ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളിൽ കോ-ഓർഡിനേറ്റർമാരെ നിയോഗിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എൻ. നാരായണൻ അറിയിച്ചു. തമിഴ്‌നാട്ടിൽ വിവാഹപ്രായമായിട്ടും അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന 40,000- ഓളം ബ്രാഹ്മണ യുവാക്കളുണ്ടെന്നാണ് അസോസിയേഷൻ കണക്കാക്കുന്നത്.
വിവാഹ പ്രായമുള്ള 10 ബ്രാഹ്മണ യുവാക്കളുണ്ടെങ്കിൽ യുവതികളുടെ എണ്ണം ആറ് മാത്രമാണെന്നും ഇതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. ഇത് പരിഹരിക്കാനാണ് ഉത്തരേന്ത്യയിലേക്ക് ബന്ധം തേടിപ്പോകുന്നത്.
അസോസിയേഷന്റെ മാസികയിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് നാരായണൻ പുതിയ ശ്രമത്തെക്കുറിച്ച് വിശദീകരിച്ചത്. ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളിലുള്ള ആളുകളുമായി ചർച്ചകൾ നടന്നുവരികയാണ്. ഈ സ്ഥലങ്ങളിലെ കോ- ഓർഡിനേറ്റർമാരെക്കൂടാതെ ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നവരെ അസോസിയേഷന്റെ ചെന്നൈയിലെ ആസ്ഥാനത്തും നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് നാരായണൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ് ബ്രാഹ്മണർ. ഇതിൽ അയ്യർ, അയ്യങ്കാർ എന്നീ രണ്ട് വിഭാഗങ്ങളാണുള്ളത്. മുമ്പ് ഇരു വിഭാഗങ്ങളിൽപ്പെട്ടവർ തമ്മിൽ വിവാഹം കഴിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മാറിയിട്ടുണ്ട്. തെലുങ്ക്, കന്നഡ ബ്രാഹ്മണർ വിഭാഗങ്ങളുമായും പാലക്കാടുള്ള ബ്രാഹ്മണർ വിഭാഗത്തിൽപ്പെട്ടരെയും തമിഴ് ബ്രാഹ്മണർ വിവാഹം കഴിക്കാറുണ്ട്.
എന്നിട്ടും അവിവാഹിതരായ യുവാക്കളുടെ എണ്ണം കൂടുകയാണ്. മൂന്ന് ദിവസം നീളുന്ന വിവാഹച്ചടങ്ങുകൾ വലിയ ചെലവിന് കാരണമാകുന്നതിനാൽ ആഘോഷങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും തമിഴ് ബ്രാഹ്മണർക്കിടയിൽ ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates