

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ നാളെ തമിഴ്‌നാട് പോളിങ് ബൂത്തിലേക്കെത്തുകയാണ്. സംസ്ഥാനത്തെ 39 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 68,000 പോളിങ് സ്റ്റേഷനുകളിലായി 6.23 കോടി വോട്ടര്‍മാരാണ് 950 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. മാര്‍ച്ച് മുതല്‍ ഒരു മാസത്തോളം ശക്തമായ പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. വാശിയേറിയ പ്രചാരണങ്ങളും തീക്ഷ്ണമായ സംവാദങ്ങളുമാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് വേദിയെ ചൂടുപിടിപ്പിച്ചത്.
ദ്രാവിഡ മണ്ണില്‍ ഇത്തവണ താമര വിരിയിക്കുകയെന്ന ലക്ഷ്യത്തോടെ വന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. ഒമ്പതു തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത്രയും തവണ എത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കച്ചിത്തീവ്, സനാതന ധര്‍മ്മം, ഡിഎംകെ മുന്‍ ഓഫീസ് ഭാരവാഹി ഉള്‍പ്പെട്ട മയക്കുമരുന്ന് കള്ളക്കടത്ത് അടക്കം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. കച്ചിത്തീവ് ഉന്നയിച്ച് തമിഴ് വികാരം ഉണര്‍ത്താനായിരുന്നു ബിജെപി പരിശ്രമിച്ചത്. ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ ആണ് ഇവിടെ മാറ്റുരയ്ക്കുന്നത്.
അണ്ണാമലൈ മത്സരിക്കുന്നത് കണക്കിലെടുത്ത് കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന്റെ പക്കല്‍ നിന്നും ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു. എഐഎഡിഎംകെ, ഡിഎംകെ, എന്നിവയ്ക്ക് പുറമെ, നാം തമിഴര്‍ കച്ചിയും ഇവിടെ മത്സരത്തിനുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനുമാണ് ഡിഎംകെയുടെ പ്രചാരണത്തെ നയിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി രാഹുല്‍ഗാന്ധിയും തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തിയിരുന്നു.
ഡിഎംകെയുടെ ദയാനിധി മാരന്‍ (സെന്‍ട്രല്‍ ചെന്നൈ), എ രാജ (നീലഗിരി), കനിമൊഴി (തൂത്തുക്കുടി), ബിജെപിയുടെ എല്‍ മുരുഗന്‍ (നീലഗിരി), തമിഴിസൈ സൗന്ദര്‍രാജന്‍ (ദക്ഷിണ ചെന്നൈ), മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം (രാമനാഥപുരം), കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം (ശിവഗംഗ), എഐഎഡിഎംകെയുടെ ജെ ജയവര്‍ദ്ധന്‍ (ദക്ഷിണ ചെന്നൈ), എഎംഎംകെ അധ്യക്ഷന്‍ ടിടിവി ദിനകരന്‍ തുടങ്ങിയവര്‍ തമിഴ്‌നാട്ടില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates