

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംസ്ഥാന നിയമസഭയില്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളും ഫെഡറല്‍ തത്വങ്ങളില്‍ പുനഃപരിശോധന വേണോ എന്നതടക്കം സമിതിയുടെ പരിഗണനാ വിഷയങ്ങളാണ്.
സംസ്ഥാന പ്ലാനിങ്ങ് കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ എം നാഗനാഥന്‍, മുന്‍ ബ്യൂറോക്രാറ്റ് അശോക് വര്‍ധന്‍ ഷെട്ടി എന്നിവരാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങള്‍. ജനുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വിഷയം പഠിച്ച് അന്തിമ റിപ്പോര്‍ട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാനും സമിതിയോട് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സമഗ്ര പരിശോധന നടത്താനാണ് തമിഴ്‌നാടിന്റെ നീക്കം. കേന്ദ്രവും സംസ്ഥാനങ്ങളും ഭരണഘടനയില്‍ ഊന്നിയാണ് നിലനില്‍ക്കുന്നതെന്ന് നിയമസഭയില്‍ റൂള്‍ 110 പ്രകാരം നടത്തിയ പ്രസ്താവനയില്‍ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കീഴില്‍ നില്‍ക്കേണ്ടവയല്ല. പരസ്പര ബഹുമാനത്തോടെ, ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കുറേക്കാലമായി ആ ബന്ധത്തില്‍ ചില പ്രയാസങ്ങള്‍ നേരിടുന്നു. അതിനാലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെപ്പറ്റി വിലയിരുത്താന്‍ സമിതിയെ നിയോഗിക്കേണ്ടി വന്നിട്ടുള്ളത്. 1971 ന് ശേഷം രാജ്യത്തുണ്ടായ മാറ്റം, അതിനെത്തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലുണ്ടായ മാറ്റം, സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി കൂടുതല്‍ അവകാശങ്ങള്‍ ലഭിക്കാനായി ഭരണഘടനാ ഭേദഗതി വേണമെങ്കില്‍ അത് നിര്‍ദേശിക്കണം തുടങ്ങിയ കാര്യങ്ങളാണ് സമിതിയോട് നിര്‍ദേശിച്ചിട്ടുള്ളത്. തമിഴ്‌നാടിന് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് സമിതിയെ നിയോഗിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
നീറ്റ് പരീക്ഷ കാരണം നമുക്ക് നിരവധി വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷയെ നമ്മള്‍ നിരന്തരം എതിര്‍ത്തിട്ടുണ്ട്. ത്രിഭാഷാ നയത്തിന്റെ പേരില്‍, കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്‍ഇപി നിരസിച്ചതിനാല്‍, സംസ്ഥാനത്തിന് 2500 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍, വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
പല കാലയളവുകളിലായി സ്റ്റേറ്റ് ലിസ്റ്റില്‍ നിന്നും കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങള്‍ തിരികെ കൊണ്ടുവരുന്നത് അടക്കം പരിഗണിക്കണമെന്ന നിര്‍ദേശവും സമിതിക്ക് മുമ്പാകെ വെച്ചിട്ടുണ്ട്. നേരത്തെ ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. 1974ല്‍ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിയമസഭയില്‍ പാസാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
