ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ്‌യുടെ (നടൻ വിജയ്) നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി കഴകംസർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കകം മുന്നണിക്കുള്ളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഭിന്നതയും രൂക്ഷമാകുന്നു. പ്രതിപക്ഷമായ എഐഎഡിഎംകെയിലെ ഒരു വിഭാഗത്തെ പുതിയ വിജയ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ, സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രധാന സഖ്യകക്ഷിയായ സിപിഎം പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തി. എഐഎഡിഎംകെയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ സർക്കാരിന് നൽകുന്ന പിന്തുണ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ബുധനാഴ്ച വ്യക്തമാക്കി.
"മുഖ്യമന്ത്രി വിജയ് അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നത്. എന്നാൽ, മറിച്ചൊരു തീരുമാനമുണ്ടാകുകയും എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ സർക്കാരിനുള്ള ഞങ്ങളുടെ പിന്തുണ പൂർണ്ണമായി പുനഃപരിശോധിക്കേണ്ടി വരും," പി. ഷൺമുഖം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. ബിജെപിയോടുള്ള എഐഎഡിഎംകെയുടെ മൃദുസമീപനവും മുൻകാല എൻഡിഎ നയങ്ങളെ അവർ പിന്തുണച്ചതുമാണ് ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പിന് കാരണം. സഖ്യകക്ഷികൾക്കിടയിൽ പുകയുന്ന ഈ അതൃപ്തി പുതിയ വിജയ് സർക്കാരിന് ആദ്യ ദിനങ്ങളിൽ തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വിശ്വാസവോട്ട് നേടിയത് 144 വോട്ടുകൾക്ക്; നിർണ്ണായകമായി എഐഎഡിഎംകെ പിളർപ്പ്
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ വിജയ്‌യുടെ ടിവികെക്ക് ലഭിച്ചത് 108 സീറ്റുകളായിരുന്നു. ഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്നതോടെ കോൺഗ്രസ്, സിപഐ, സിപിഎം, വിസികെ (VCK), മുസ്ലിം ലീഗ് (IUML) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. തുടർന്ന് ബുധനാഴ്ച നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ 144 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിച്ചു.
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി പ്രതിപക്ഷമായ എഐഎഡിഎംകെയിലുണ്ടായ അപ്രതീക്ഷിത പിളർപ്പാണ് വിജയ്‌യുടെ ഭൂരിപക്ഷം വലിയ രീതിയിൽ ഉയർത്തിയത്. ആകെ 47 എംഎൽഎമാരുള്ള എഐഎഡിഎംകെയിൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ (EPS) കർശന നിർദ്ദേശം ലംഘിച്ച് എസ്.പി. വേലുമണി, സി.വി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള 25 എംഎൽഎമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എടപ്പാടി പളനിസ്വാമിക്കൊപ്പം ഉറച്ചുനിന്ന 22 എംഎൽഎമാർ വിശ്വാസപ്രമേയത്തെ ശക്തമായി എതിർത്ത് വോട്ട് രേഖപ്പെടുത്തി.
അയോഗ്യതാ ഭീഷണിയുമായി ഇരുവിഭാഗവും; പന്ത് സ്പീക്കറുടെ കോടതിയിൽ
വിശ്വാസവോട്ടെടുപ്പിലെ വോട്ടിംഗിനെച്ചൊല്ലി എഐഎഡിഎംകെ പൂർണ്ണമായി പിളർന്നതോടെ ഇരുവിഭാഗവും ഇപ്പോൾ പരസ്പരം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി വിപ്പ് ലംഘിച്ച് ഭരണപക്ഷത്തിന് വോട്ട് ചെയ്ത 25 വിമത എംഎൽഎമാരെ അടിയന്തരമായി അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് കെ.പി. മുനുസാമിയുടെ നേതൃത്വത്തിലുള്ള എടപ്പാടി വിഭാഗം സ്പീക്കർ ജെസിഡി പ്രഭാകറിന് ഔദ്യോഗികമായി പരാതി നൽകി. തുടർന്ന് ഇവർ ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവൻ സന്ദർശിച്ചും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.
മറുഭാഗത്ത്, തങ്ങളാണ് യഥാർത്ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെടുന്ന സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും സ്പീക്കറെ കണ്ട് എടപ്പാടി പക്ഷത്തുള്ള 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ഇരുവിഭാഗവും നേർക്കുനേർ പോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിയമസഭയ്ക്കുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന കടുത്ത തീരുമാനങ്ങൾ സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സഭയിലെ ഭൂരിപക്ഷം സുരക്ഷിതമാക്കാൻ ഈ വിമതരെ മന്ത്രിസഭയിലെടുക്കാനുള്ള വിജയ്‌യുടെ നീക്കങ്ങൾക്കാണ് ഇപ്പോൾ ഇടതുപക്ഷം തടസ്സവാദമുന്നയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates