

ചെന്നൈ: രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി രൂപപ്പെടുത്തുന്നതിനു യുവാക്കളുടെ ഊർജ്ജം ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് ആവശ്യമാണെന്നു മുൻ തെലങ്കാന ഗവർണറും മുതിർന്ന ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരരാജൻ. ചെന്നൈയിൽ 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' സംഘടിപ്പിച്ച 'തിങ്ക് എഡു 2026' കോൺക്ലേവിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ. യുവജനങ്ങളുടെ രാഷ്ട്രീയം സംബന്ധിച്ചാണ് ചർച്ച അരങ്ങേറിയത്. ഡിഎംകെ എംപി കനിമൊഴി, എൻവിഎൻ സോമു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
'Transforming Youth – Changing India’s Politics' എന്ന സെഷനിലാണ് ചൂടേറിയ ചർച്ച അരങ്ങേറിയത്. ത്രിഭാഷ നയവും സെഷനിൽ ചർച്ചയായി.
രണ്ടോ മൂന്നോ പതിറ്റാണ്ടുകൾക്ക് മുൻപുള്ളതിനെ അപേക്ഷിച്ച് യുവജന പ്രസ്ഥാനങ്ങൾ നിഷ്‌ക്രിയമായോ എന്ന ചോദ്യം വന്നപ്പോൾ തമിഴിസൈ നൽകിയ മറുപടി ഇങ്ങനെ.
'യുവത്വം മുന്നോട്ട് വയ്ക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ആശയം അവർ സമൂഹ മാധ്യമങ്ങൾ വഴി ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള പുരോഗമന കാഴ്ചപ്പാട് യുവത്വം മുന്നോട്ടു വയ്ക്കുമ്പോഴും അവർക്കിടയിൽ വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.'
'ഇന്ത്യൻ യുവാക്കൾ ശാക്തീകരിക്കപ്പെട്ടവരും ബുദ്ധിയുള്ളവരും ഡിജിറ്റലൈസ് ചെയ്യപ്പെട്ടവരും പ്രചോദിതരുമാണ്. എന്നാൽ അവരുടെ ഊർജ്ജം ശരിയായി വിനിയോഗിക്കപ്പെടണമെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ യുവജനങ്ങളുമായി കൂടുതൽ ഇടപഴകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്'- മോദിയുടെ യുവജനസമ്പർക്ക പരിപാടികളെ ഉദ്ധരിച്ച് അവർ കൂട്ടിച്ചേർത്തു.
ബിജെപി യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പാർട്ടി ഭരണഘടനയിൽ ജില്ലാ, മണ്ഡലം പ്രസിഡൻ്റുമാരുടെ പ്രായം യഥാക്രമം 40 വയസും 45 വയസുമാണ് നിശ്ചയിച്ചിരിക്കുന്നതെന്നും തമിഴിസൈ പറഞ്ഞു.
ഡിഎംകെ വീണ്ടും അധികാരത്തിലെത്തിയാൽ കൂടുതൽ യുവാക്കൾ ഭരണത്തിൽ പങ്കാളികളാകുമെന്ന് ചർച്ചയിൽ പങ്കെടുത്ത കനിമൊഴി ഉറപ്പു നൽകി. പാർട്ടി ഒരു യുവജന പ്രസ്ഥാനത്തിൽ നിന്നാണ് ഉയർന്നുവന്നതെന്നും എഐഎഡിഎംകെ ഭരണ കാലത്ത് രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്കാളിത്തം കുറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഡിഎംകെ സർക്കാരിന് കീഴിൽ ഒരു പുനരുജ്ജീവനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു. പാർട്ടിയിലും ഭരണത്തിലും യുവ നേതാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മൊബൈൽ ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം ഇരുതല മൂർച്ചയുള്ള വാളാണെന്നു കനിമൊഴി.
'മൊബൈൽ ഫോൺ നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കാം. ഒരുപക്ഷെ 50 ശതമാനം അല്ലെങ്കിൽ അതിലും താഴെ മാത്രമേ മൊബൈൽ പോസിറ്റീവായി ഉപയോഗിക്കുന്നുള്ളു. യുവത്വം മാറുന്നതിനെ കുറിച്ച് പറയുമ്പോൾ സമൂഹ മാധ്യമങ്ങളെ കുറിച്ചും സംസാരിക്കണം. ഇന്നത്തെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ അതും പ്രധാനമാണ്.'
തമിഴ്‌നാട്ടിൽ മയക്കുമരുന്ന് ദുരുപയോഗം വർധിക്കുന്നതിനെക്കുറിച്ചുള്ള തമിഴിസൈയുടെ വിമർശനത്തിനെതിരെ, ഇ ഫാർമസികൾ അനുവദിക്കാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനം വിദ്യാർഥികൾക്ക് മയക്കുമരുന്ന് ലഭ്യത എളുപ്പമാക്കിയെന്ന മറുപടി കൊണ്ടാണ് കനിമൊഴി നേരിട്ടത്.
ദ്രാവിഡ സമരനായകൻ സിഎൻ അണ്ണാദുരൈയുടെ കാലം മുതൽ പിന്തുടരുന്ന ദ്വിഭാഷാ നയം തമിഴ് സംരക്ഷിച്ചു കൊണ്ട് മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിൽ നിൽക്കാൻ തമിഴ്‌നാട് വിദ്യാർഥികളെ സഹായിച്ചിട്ടുണ്ടെന്നായിരുന്നു ഭാഷാ സംവാദത്തിൽ കനിമൊഴി അഭിപ്രായപ്പെട്ടത്. എന്നാൽ ഒന്നിലധികം ഭാഷകൾ പഠിക്കാനുള്ള ഏറ്റവും അനുയോജ്യമായ ഘട്ടമാണ് കുട്ടിക്കാലമെന്ന് തമിഴിസൈ കനിമൊഴിയുടെ അഭിപ്രായത്തെ എതിർത്ത് നിലപാട് വ്യക്തമാക്കി. അധിക ഭാഷകൾ പഠിച്ചാൽ തമിഴ് ഭാഷയെ ദുർബലപ്പെടുത്തില്ലെന്നും തമിഴിസൈ വാദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates