ന്യൂഡൽഹി: ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആർകെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനിൽ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗർ മുഹമ്മദ് ഷരീഫുൽ മുല്ല (41) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങൾ വാങ്ങി നൽകാനാണ് മൂവർ സംഘം കൊള്ള നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മൾട്ടിനാഷണൽ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടിൽ മൂന്നംഗ സംഘം കവർച്ച നടത്തിയത്.
പട്ടാപ്പകൽ വീട്ടിനകത്തേക്ക് ഇരച്ചെത്തിയ സംഘം കുമാറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ കവരുകയായിരുന്നു. കുമാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
വൈകിട്ട് 3.30ഓടെ കോളിങ് ബെൽ കേട്ടാണ് താൻ വാതിൽ തുറന്നതെന്നാണ് കുമാറിന്റെ പരാതിയിൽ പറയുന്നത്. വാതിൽ തുറന്നയുടൻ തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗ സംഘം വീടിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് തന്നെ മർദിച്ച് കെട്ടിയിട്ടു. ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ സൂക്ഷിച്ച ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്‌കൂട്ടർ എന്നിവ മൂന്നംഗ സംഘം കവർന്നതായും പരാതിയിൽ പറയുന്നു.
കവർച്ചയ്ക്ക് ശേഷം സ്വയം കെട്ടഴിച്ച ആദിത്യകുമാർ മറ്റൊരു ലാപ്‌ടോപ്പിൽ നിന്ന് ഫെയ്‌സ്ബുക്ക് വഴിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പൊലീസിനും വിവരം കൈമാറി.
കവർച്ചാ സംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവർ വിളിച്ചിരുന്നതായി ആദിത്യകുമാർ മൊഴി നൽകിയിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ശുഭം എന്ന പേരുള്ള 150ഓളം ക്രിമിനലുകളുടെ ചിത്രങ്ങൾ പൊലീസ് ആദിത്യകുമാറിന് നൽകി. ഇതിൽ നിന്ന് വീട്ടിൽ കവർച്ചയ്‌ക്കെത്തിയ ആളെ തിരിച്ചറിഞ്ഞു.
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ചയാണ് ശുഭത്തെയും കൂട്ടാളികളായ രണ്ട് പേരെയും പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ശുഭം അടക്കമുള്ള പ്രതികൾ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ജൂലൈയിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ശുഭം നവംബറിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിൽവെച്ചാണ് ആസിഫുമായി പരിചയത്തിലായതെന്നും ആസിഫ് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ശുഭത്തിനെതിരേ നേരത്തെ രണ്ട് കവർച്ചാക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആസിഫ്, മുല്ല എന്നിവർ മൂന്ന് കേസുകളിലും പ്രതികളാണ്. ഇവരിൽ നിന്ന് രണ്ട് സ്‌കൂട്ടറുകളും നാല് മൊബൈൽ ഫോണുകളം ലാപ്‌ടോപ്പും വാച്ചും അടക്കം കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates