

ന്യൂഡല്‍ഹി: ശിവസേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ ശിവസേന (ഉദ്ധവ് താക്കറെ വിഭാഗത്തെ) രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. 2022 ജൂണില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 39 എംഎല്‍എമാര്‍ ബിജെപിയുമായി ചേര്‍ന്ന് ഉദ്ധവ് സര്‍ക്കാരിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. കോടതിയെക്കുറിച്ച് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉദ്ധവ് താക്കറെ പക്ഷത്തെ ശാസിച്ചത്.
'ആദ്യം നിങ്ങളുടെ ആളുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി 'സുപ്രീം കോടതി തീരുമാനമെടുക്കുന്നില്ല' എന്ന് പറയുന്നതുപോലുള്ള ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കൂ. നിങ്ങള്‍ ഇവിടെ വന്ന് കേസ് തീര്‍ക്കുന്നതിന് വേണ്ടി ഒരു തീയതിക്കായി ആവശ്യപ്പെടുന്നു. എന്നിട്ട് പുറത്തുപോയി സുപ്രീം കോടതി തീരുമാനമെടുക്കുന്നില്ലെന്ന് പറയുന്നു. ഞങ്ങള്‍ ഒരു മുന്നറിയിപ്പ് നല്‍കുകയാണ്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കുന്ന ഒരാളല്ല ഞാന്‍. മാധ്യമങ്ങളെ സമീപിച്ച് കോടതിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഏതെങ്കിലും കക്ഷി ശ്രമിച്ചാല്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
എല്ലാ കക്ഷികളെയും കേള്‍ക്കാന്‍ കോടതി സമയം അനുവദിക്കും. നീതിന്യായ പ്രക്രിയയെ പുറത്തുള്ള പ്രസ്താവനകള്‍ കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല. ഇരുപക്ഷത്തുനിന്നും സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നേരത്തെ, കേസ് ഏറെ കാലമായി നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് പക്ഷത്തിന്റെ അഭിഭാഷകന്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മൂന്ന് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുന്നതിനാലാണ് ഞങ്ങള്‍ക്ക് ഇത്രയും ആകാംക്ഷയുള്ളതെന്ന് ദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്ത് കാമത്ത് പറഞ്ഞു. ഞങ്ങള്‍ ഒരു തീയതി നിശ്ചയിക്കാം, എന്നാല്‍ വാദത്തിന്റെ ഏത് ഘട്ടത്തിലായാലും എന്തെങ്കിലും കാലതാമസം നേരിട്ടിട്ടുണ്ടെങ്കില്‍. ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്നത് ആശങ്കാജനകമാണ്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഞങ്ങള്‍ വൈകുന്നേരം 4 മണി വരെ ഇവിടെ ഇരിക്കുന്നുണ്ട്.. ഞങ്ങള്‍ വെറുതെ ഇരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരുടെ പ്രസ്താവന മനസ്സിലാക്കാം. കോടതി എല്ലാവരോടും വളരെ ക്ഷമയോടെയും ദയയോടെയുമാണ് പെരുമാറുന്നത് എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 2022-ല്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെയും ശിവസേനയിലെ പിളര്‍പ്പിന്റെയും തുടര്‍ച്ചയാണ് ഈ കേസ്. പാര്‍ട്ടിയുടെ പേര്, ചിഹ്നം, എംഎല്‍എമാരുടെ അയോഗ്യതാ നടപടികള്‍ എന്നിവയെച്ചൊല്ലി ഇരുപക്ഷവും സുപ്രീം കോടതിയില്‍ നിയമപോരാട്ടത്തിലാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 30-ലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates