

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നയതന്ത്ര നടപടികള്‍ കടുപ്പിച്ചതിന് മറുപടിയെന്നോണം സിംല കരാര്‍ മരവിപ്പിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ് പാകിസ്ഥാന്‍. ഇതോടെ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സമാധാനം പുലരുന്നതിന് രൂപം നല്‍കിയ സിംല കരാര്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 1972 ജൂലൈ രണ്ടിനാണ് സിംല കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
എന്താണ് സിംല കരാര്‍?
1971ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തെത്തുടര്‍ന്ന് 1972 ജൂലൈ രണ്ടിന് ഒപ്പുവച്ച ഒരു സമാധാന ഉടമ്പടിയാണ് സിംല കരാര്‍. 1971 ലെ ബംഗ്ലദേശ് യുദ്ധത്തിനു ശേഷമാണ് ഇന്ത്യ, പാക് പ്രധാനമന്ത്രിമാര്‍ സിംലയിലെത്തിയത്. യുദ്ധത്തിലെ ഇന്ത്യയുടെ സമ്പൂര്‍ണ ജയത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ ഇന്ദിരാഗാന്ധിക്ക് തന്നെയായിരുന്നു മേല്‍ക്കൈ. പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോ പാകിസ്ഥാനെ പ്രതിനിധീകരിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലെ ബന്ധം സാധാരണ നിലയിലാക്കാനും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിട്ടത്. മൂന്നാം കക്ഷി ഇടപെടലില്ലാതെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഭിന്നതകള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു.
സിംല കരാറിലെ പ്രധാന ധാരണങ്ങള്‍:
തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം: സമാധാനപരമായ ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. സിംല കരാര്‍ പ്രകാരം, പ്രശ്‌നങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിര്‍ബന്ധിച്ചതിനാല്‍ കശ്മീര്‍ തര്‍ക്കത്തിന് ഇത് ഏറെ പ്രസക്തമായിരുന്നു.
നിയന്ത്രണ രേഖ (LOC):
1971 ലെ യുദ്ധത്തിനുശേഷം നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ രേഖ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖ ആയി മാറി. പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇരു രാജ്യങ്ങളും ഏകപക്ഷീയമായി ഈ രേഖയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കില്ലെന്ന് കരാറില്‍ പറയുന്നു.
ഭൂമി വീണ്ടെടുക്കല്‍:
കരാര്‍ പ്രകാരം യുദ്ധസമയത്ത് ഇന്ത്യ പിടിച്ചെടുത്ത 13,000 കിലോമീറ്ററിലധികം ഭൂമി തിരികെ നല്‍കി. എന്നിരുന്നാലും, ചോര്‍ബത്ത് താഴ്വരയിലെ ചില തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യ നിലനിര്‍ത്തി. അത് 883 കിലോമീറ്ററിലധികം വരും.
ബംഗ്ലാദേശിന്റെ നയതന്ത്ര അംഗീകാരം:
പുതിയ രാഷ്ട്രം സൃഷ്ടിക്കപ്പെട്ടതിന് ശേഷമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു ഈ കരാര്‍. ബംഗ്ലാദേശിന് പാകിസ്ഥാന്റെ നയതന്ത്ര അംഗീകാരം ലഭിക്കാന്‍ ഇത് വഴിയൊരുക്കി.
കരാറിന്റെ പരിമിതികള്‍:
സിംല കരാറിന് പ്രതീക്ഷ നല്‍കുന്ന ഒരുപാട് ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കിലും കാലക്രമേണ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് അത് തടഞ്ഞില്ല. ഉദാഹരണത്തിന് 1999 ലെ കാര്‍ഗില്‍ യുദ്ധം, 1980കളിലെ സിയാച്ചിന്‍ ഹിമാനിയിലെ സംഘര്‍ഷം, കശ്മീരിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ എന്നിവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. 1984ല്‍ ഇന്ത്യ സിയാച്ചിന്‍ ഹിമാനികള്‍ പിടിച്ചെടുത്ത ഓപ്പറേഷന്‍ മേഘദൂതിനെ സിംല കരാറിന്റെ ലംഘനമായാണ് പാകിസ്ഥാന്‍ വീക്ഷിച്ചത്. സിയാച്ചിന്‍ സംഘര്‍ഷം ഇന്നും തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates