

പട്‌ന: പെണ്‍കുട്ടികള്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയേണ്ടവരാണെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ വിദ്യാഭ്യാസമന്ത്രിയും ബിജെപി നേതാവുമായ മിഥിലേഷ് തിവാരി. മന്ത്രിയുടെ വിവാദ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
മന്ത്രിയുടെ പരാമര്‍ശത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്ന് ഓര്‍മപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങള്‍ തനിയെ ലഭിച്ചുകൊള്ളുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുണ്ഠ്പൂരില്‍ നിന്നുള്ള എംഎല്‍എയായ മിഥിലേഷ് തിവാരി രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് അധ്യാപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇക്കണോമിക്‌സില്‍ ബിരുദമുള്ള അദ്ദേഹം പട്‌നയില്‍ ഒരു കോച്ചിങ് സെന്ററും നടത്തിയിരുന്നു.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടുകള്‍ക്ക് തികച്ചും വിപരീതമാണ് തിവാരിയുടെ പരാമര്‍ശങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍ നല്‍കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ ഹാജര്‍ നില മെച്ചപ്പെടുത്തി. ഇതിനു പിന്നാലെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമിനായി പണം നല്‍കുകയും ചെയ്തിരുന്നു.
എബിവിപിയിയിലൂടെ രാഷ്ട്രീയത്തിലെത്തിയ തിവാരി 1990ല്‍ ബിജെപിയിലൂടെ സജീവ പ്രവര്‍ത്തകനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയെ പരാജയപ്പെടുത്തിയാണ് തിവാരി നിയമസഭയില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates