

ന്യൂഡല്‍ഹി: ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെ ഭരണമാറ്റങ്ങളെക്കുറിച്ചുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പരാമര്‍ശങ്ങളില്‍ പുതിയ വിവാദം. വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളിലെ അഴിമതി ആരോപിച്ച് ഫിലിപ്പീന്‍സില്‍ നടക്കുന്ന ബഹുജന പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തില്‍ തിവാരി നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 'പാരമ്പര്യ അവകാശവാദം ഇനി സ്വീകാര്യമല്ല' എന്നാണ് ഏഷ്യയിലെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത് എന്നായിരുന്നു തിവാരിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടാണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങളേയും കോണ്‍ഗ്രസ്-ബിജെപി എന്ന നിലയിലേക്ക് തരംതാഴ്ത്തേണ്ടതില്ല എന്നാണ് വിവാദങ്ങളോട് തിവാരി പ്രതികരിച്ചത്.'പാരമ്പര്യ അവകാശവാദം ഇനി സ്വീകാര്യമല്ല' എന്നാണ് ഏഷ്യയിലെ വലിയ ജനകീയ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത് എന്നായിരുന്നു തിവാരിയുടെ വിവാദ പരാമര്‍ശം.
'2023 ജൂലൈയില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയേയും, 2024 ജൂലൈയില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയേയും, 2025 സെപ്റ്റംബറില്‍ നേപ്പാളില്‍ കെ.പി. ശര്‍മ്മ ഒലിയേയും അട്ടിമറിച്ചതും, ഇപ്പോള്‍ ഫിലിപ്പീന്‍സില്‍ ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെതിരായ പ്രതിഷേധങ്ങളും, അവയ്‌ക്കെല്ലാം മുകളില്‍ ഒരു വാക്ക് എഴുതിയിരിക്കുന്നു. പാരമ്പര്യ അവകാശവാദം ഇനി ജനറേഷന്‍ എക്സ്, വൈ, ഇസഡ് എന്നിവര്‍ക്ക് സ്വീകാര്യമല്ല.'
'രാജവംശങ്ങളെ' അട്ടിമറിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്ന സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെക്കുറിച്ചുള്ള എന്റെ ലേഖനത്തിനായി കാത്തിരിക്കുക. ഈ സമയംകൊണ്ട് #nepokids അല്ലെങ്കില്‍ #TrillionPesoMarch പഠിക്കുക.' തിവാരി എക്സില്‍ പങ്കുവെച്ച ഈ വരികളെയാണ് ബിജെപി, കോണ്‍ഗ്രസ് നേതൃത്വത്തെ ലക്ഷ്യം വെക്കാനുള്ള ആയുധമായി ഉപയോഗിച്ചത്.
'ജി-23 വിമത സംഘത്തിലെ അംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'നെപ്പോ കിഡ്' ആയ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിടുന്നു. ജനറേഷന്‍ ഇസഡിന്റെ കാര്യം മറന്നേക്കൂ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദ്ദേഹത്തിന്റെ പിന്തിരിപ്പന്‍ രാഷ്ട്രീയം മടുത്തുകഴിഞ്ഞു. കലാപം ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെയാണ്,' മുതിര്‍ന്ന ബിജെപി നേതാവും ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.
'ദൈവമേ, ചിലരെങ്കിലും ജീവിതത്തില്‍ പക്വത കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളെയും കോണ്‍ഗ്രസ്-ബിജെപി, 'അവനതു പറഞ്ഞു, അവളിതു പറഞ്ഞു' എന്ന രീതിയിലേക്കോ, എക്സിനെയോ വൈയെയോ ലക്ഷ്യം വെക്കുന്നതിലേക്കോ തരംതാഴ്ത്തേണ്ടതില്ല.' എന്നാണ് തികഞ്ഞ പരിഹാസത്തോടെ തിവാരി ബിജെപി നേതാവിന് മറുപടി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates