

ഗുരുഗ്രാം: ഒരു വർഷത്തിനിടെ ഏഴ് വ്യത്യസ്ത പുരുഷൻമാർക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് ഹരിയാന വനിതാ കമ്മീഷൻ. സാമൂഹിക പ്രവർത്തക ദീപിക നാരായൺ ഭരദ്വാജ് നൽകിയ പരാതിയിലാണ് നടപടി. വ്യാജ പീഡന പരാതികൾ നൽകി പുരുഷൻമാരിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പരാതിയിൽ ഇവർ ആരോപിച്ചിരുന്നു. പൊലീസിലും ഇവർ പരാതി നൽകിയിട്ടുണ്ട്.
പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ അധ്യക്ഷ പ്രീത ഭരദ്വാജ് ദലാൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി. സംഭവത്തിൽ അന്വേഷണം നടത്തി വാസ്തവം പുറത്തുകൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് പരാതികൾ വ്യാജമെന്ന് കണ്ടെത്തി
ഒരു വർഷത്തിനിടയിൽ ഒരേ യുവതി തന്നെ ഏഴ് പുരുഷൻമാരുടെ പേരിൽ ലൈംഗിക പീഡന പരാതി നൽകിയതാണ് സംശയത്തിന് ഇടയാക്കിയത്. പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. അടുത്തിടെ ഡിഎൽഎഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവിൽ യുവതി പരാതി നൽകിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളിൽ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന് ശേഷവും യുവതി നിരവധി പരാതികൾ നൽകിയതോടെയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates