

ന്യൂഡല്‍ഹി: ആറ് പതിറ്റാണ്ട്, ഇന്ത്യന്‍ വ്യോമ സേനയുടെ കരുത്തിന്റെ പ്രതീകമായ മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം. റഷ്യന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുദ്ധ വിമാനങ്ങളായ മിഗ് 21 വെള്ളിയാഴ്ച വ്യോമ സേനയില്‍ നിന്നും വിരമിക്കും. ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങുകളോടെയാണ് മിഗ് 21 പുതുതലമുറയ്ക്ക് വഴിമാറുന്നത്.
മിഗ് 21 പ്രവര്‍ത്തനം അവസാനിപ്പിച്ച് വിശ്രമത്തിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ മറ്റൊരു അധ്യായം കൂടിയാണ് പുര്‍ത്തിയാക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ഫ്‌ലൈപാസ്റ്റ് ചടങ്ങില്‍ പാന്തേഴ്‌സ് എന്നറിയപ്പെടുന്ന 23 സ്‌ക്വാര്‍ഡണില്‍ ഉള്‍പ്പെട്ട ആറ് മിഗ് 21 വിമാനങ്ങള്‍ പങ്കെടുത്തും. സ്‌ക്വാര്‍ഡണ്‍ ലീഡര്‍ പ്രിയ ശര്‍മ സംഘത്തെ നയിക്കും. ഫ്‌ലൈപാസ്റ്റ് ചടങ്ങില്‍ പങ്കെടുക്കുന്ന വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.
ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ്യ അതിഥിയാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി എന്നിവര്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. എ വൈ ടിപ്നിസ്, എസ് കൃഷ്ണസ്വാമി, എസ് പി ത്യാഗി, പി വി നായിക്, ബി എസ് ധനോവ, ആര്‍ കെ എസ് ഭദൗരിയ തുടങ്ങി ആറ് മുന്‍ വ്യോമസേനാ മേധാവികളും ചണ്ഡീഗഡില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
1963ല്‍ ആണ് മിഗ്-21 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. 1971-ലെ ഇന്ത്യ പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കായിരുന്നു മിഗ് 21 വിമാനങ്ങള്‍ വഹിച്ചത്. 1971-ലെ യുദ്ധത്തില്‍ പാകിസ്ഥാന്റെ കീഴടങ്ങലിന് പ്രധാന കാരണമായ ധാക്കയിലെ ഗവര്‍ണറുടെ വസതി ആക്രമണം നടത്തിയതും മിഗ്-21 വിമാനം ഉപയോഗിച്ചായിരുന്നു. 1999 ലെ കാര്‍ഗില്‍ യുദ്ധം, 2019 ലെ ബലാക്കോട്ട് ആക്രമണം തുടങ്ങിയ ദൗത്യങ്ങളില്‍ നിര്‍ണായ പങ്കായിരുന്നു മിഗ് വിമാനങ്ങള്‍ക്ക് ഉണ്ടായത്. 1971-ല്‍ പാകിസ്ഥാന്റെ എ104 വിമാനങ്ങളെയും 2019-ല്‍ എ16 വിമാനങ്ങളെയും വെടിവെച്ചിട്ട മിഗ്-21, ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും മികച്ച പോരാളി എന്ന ഖ്യാതിയും നേടിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പലതവണ അപകടങ്ങള്‍ക്ക് കാരണമായ മിഗ് 21 ന്റെ കാലപ്പഴക്കം പല തവണ ചര്‍ച്ചയായിരുന്നു.
ഉയര്‍ന്ന വേഗത, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവയാണ് മിഗ് 21-നെ വ്യോമസേനയുടെ പോര്‍മുഖമാക്കിയത്. നിരവധി പൈലറ്റുമാരെയും സാങ്കേതിക വിദഗ്ദ്ധരെയും പരിശീലിപ്പിച്ച മിഗ്-21 തദ്ദേശീയ വ്യോമയാന വ്യവസായത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനും ഏറെ സഹായകരമായിരുന്നു. മിഗ്-21 വിടവാങ്ങുന്നതോടെ പുതിയ തലമുറ യുദ്ധവിമാനങ്ങള്‍ വ്യോമ സേനയുടെ കരുത്തായി മാറും. വ്യോമ സേനയുടെ പുതുതലമുറ യുദ്ധ വിമാനങ്ങളായ ജാഗ്വാര്‍, തേജസ് വിമാനങ്ങളും മിഗ് 21 വിമാനങ്ങളുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമാകും. പ്രതീകാത്മക വിടവാങ്ങലിന്റെ ഭാഗമായി, ഓഗസ്റ്റ് 18-19 തീയതികളില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് മിഗ്-21 വിമാനം തനിച്ച് പറത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates