അതുല്‍ കുമാര്‍ അഞ്ജാന്‍ ഘോസിയില്‍ നിന്ന് മത്സരിക്കും: യുപിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; സിപിഎം എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടുവഴിക്ക്. സിപിഐ ഒമ്പതിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
അതുല്‍ കുമാര്‍ അഞ്ജാന്‍ ഘോസിയില്‍ നിന്ന് മത്സരിക്കും: യുപിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; സിപിഎം എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം
Updated on
1 min read

ലഖ്‌നൗ: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടുവഴിക്ക്. സിപിഐ ഒമ്പതിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൂടുതല്‍ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സിപിഐ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. പകരം എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കും. 

സിപിഐയുടെ മുതിര്‍ന്ന നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ ഘോസി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. റോബര്‍ട്ഗഞ്ച്,ഖിരി, ബറേലി, ബല്ലിയ, ഷഹ്ജപൂര്‍, ലാല്‍ഗഞ്ച്, ഗൊരഖ്പൂര്‍, ബാന്ദ എന്നിവിടങ്ങളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 

ബിജെപിയാണ് മുഖ്യശത്രു എന്ന നിലയില്‍ സഖ്യസാധ്യതകള്‍ തേടി എസ്പി-ബിഎസ്പി മുന്നണിയേയും കോണ്‍ഗ്രസിനെയും സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് വ്യക്തമാക്കി. 

2014ല്‍ സിപിഐ എട്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു എങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. 2017 നിയമസഭ തെരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചത്. 

തങ്ങളുടെ പാര്‍ട്ടി എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കുമെന്നും ബിജെപി വിരുദ്ധ വോട്ടുകള്‍ ചോരാതെ നോക്കുകയാണ് ലക്ഷ്യമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സുഭാഷിണി തയ്യാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com