അഭിനന്ദന്‍ വീണ്ടും ഇന്ത്യന്‍ മണ്ണില്‍; ആഹ്ലാദം, അഭിമാനം 

പാകിസ്ഥാന്‍ വാഗാതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ വ്യോമസേനയിലെ എയര്‍ വൈസ് മാര്‍ഷല്‍മാരായ ശ്രീകുമാര്‍പ്രഭാകരന്‍, ആര്‍ജെ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു
PTI
PTI
Updated on: 
2 min read

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യയില്‍ തിരിച്ചെത്തി.പാകിസ്ഥാന്‍ വാഗാതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ വ്യോമസേനയിലെ എയര്‍ വൈസ് മാര്‍ഷല്‍മാരായ ശ്രീകുമാര്‍പ്രഭാകരന്‍, ആര്‍ജെ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെമുതല്‍ കാത്തുനിന്ന വന്‍ജനാവലി ആര്‍പ്പുവിളികളോടെയാണ് അദ്ദേഹത്തെ എതിരേറ്റത്. അഭിനന്ദന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് കാണാന്‍ അഭിനന്ദന്റെ മാതാപിതാക്കളും വാഗായില്‍ എത്തിയിരുന്നു. 

വാഗാ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം റെഡ്‌ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.ഇതിന്റെ ഭാഗമായി വന്‍സുരക്ഷയാണ് വാഗയില്‍ ഒരുക്കിയിരുന്നത്. റോഡുമാര്‍ഗ്ഗം അമൃതസറില്‍ എത്തിക്കുന്ന അഭിനന്ദിനെ അവിടെനിന്ന് പ്രത്യേകം സജ്ജമാക്കിയ വ്യോമസേനാവിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. 

നേരത്തെ കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റരേഖയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചിരുന്നു. ഇതിനിടെ അഭിനന്ദിനെ മോചിപ്പിക്കുന്നതിന് എതിരായ ഹര്‍ജി പാകിസ്ഥാന്‍ കോടതി തളളിയിരുന്നു.വാഗാ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റിട്രീറ്റ് റദ്ദാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലാര്‍ സിങ് ദില്ലന്‍ അറിയിച്ചു.

അഭിനന്ദനെ സ്വീകരിക്കാന്‍ പോകാന്‍ അതീയായ ആഗ്രഹമുണ്ടെങ്കിലും പ്രോട്ടോക്കോള്‍ തടസ്സമുളളതിനാല്‍ താന്‍ പോകുന്നില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞത്. മെഡിക്കല്‍ പരിശോധനകള്‍, കൃത്യം നിര്‍വഹിച്ച് മടങ്ങിവരുന്നവരില്‍ നിന്ന് വിവരങ്ങള്‍ തേടല്‍ ഉള്‍പ്പെടെയുളള നടപടികള്‍ക്ക് അഭിനന്ദന്‍ ആദ്യം വിധേയമാകേണ്ടതുണ്ട്. 65, 71 യുദ്ധസമയത്ത് സമാനമായ നടപടികളാണ് സ്വീകരിച്ചിരുന്നതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

അഭിനന്ദന്‍ തിരിച്ചെത്തുമെന്ന് അറിഞ്ഞ് ഇന്ന് രാവിലെ ആറ് മണിയോടെ വാഗാ അട്ടാരി ചെക് പോസ്റ്റിലേക്ക് ആളുകള്‍ എത്തിതുടങ്ങിയിരുന്നു. ഒന്‍പത് മണി ആയപ്പോഴേയ്ക്കും  ഇന്ത്യയുടെ വീര സൈനികനെ വരവേല്‍ക്കാനെത്തിയവരെക്കൊണ്ട് അട്ടാരി അതിര്‍ത്തിയും പരിസരവും നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

രാജ്യത്തിന്റെ ഹീറോയെ സ്വീകരിക്കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് പ്രൗഢമായ സ്വീകരണം തന്നെ നല്‍കുമെന്നുമാണ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വാക്കുകള്‍. പാക്കിസ്ഥാന്‍ പിടിയിലായതിന് ശേഷവം അഭിനന്ദന്‍ കാണിച്ച ധീരതയെ പ്രകീര്‍ത്തിച്ചാണ് ഓരോ ആളുകളും ഇവിടേക്കെത്തിയത്.

അഭിനന്ദന്‍ തിരിച്ചുവരുന്നത് കാണാന്‍ വാഗയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനിനെയും അമ്മ ഡോ ശോഭയെയും വിമാനത്തില്‍ കരഘോഷങ്ങളോടെയാണ് സഹയാത്രികരെല്ലാം എതിരേറ്റത്.

കഴിഞ്ഞദിവസമാണ് മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കത്തിന് ഒടുവില്‍ അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ നയതന്ത്രവിജയമായാണ് ഇതിനെ എല്ലാവരും വിലയിരുത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com