ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന സമാജ് വാദി പാര്‍ട്ടി- ബിഎസ്പി സഖ്യപ്രഖ്യാപനം ഇന്ന്. ഇതിന്റെ ഭാഗമായി ബിഎസ്പി അധ്യക്ഷ മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ വിജയസാധ്യതകളെ കുറിച്ച് ഇരുവരും വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്. ഇത് വിജയം കണ്ടിരുന്നു.
പ്രബല പാര്‍ട്ടിയായ ബിജെപിയെ തറപറ്റിക്കാന്‍ സഖ്യത്തിനായി. ഈ വിജയതന്ത്രം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പയറ്റാനാണ് ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ ജന്മദിനമാണ് ജനുവരി 15. അതിന് മുന്നോടിയായി പാര്‍ട്ടികള്‍ തമ്മിലുളള ഐക്യത്തിന്റെ സന്ദേശം അണികള്‍ക്ക് നല്‍കാനാണ് നേതൃത്വം ആഗ്രഹിക്കുന്നത്.
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മുതിര്‍ന്ന നേതാക്കളായ മുലായംസിങ് യാദവും കാന്‍ഷിറാമും പ്രയോഗിച്ച തന്ത്രം വിജയിച്ചിരുന്നു.
80 ലോക്‌സഭാ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ ഇരുപാര്‍ട്ടികളും 37 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നല്‍കാനാണ് പ്രാഥമിക ധാരണ. ഇതിനോട് അനുകൂലമായി കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. മാറിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിന്റെ സാധ്യതകള്‍ തേടുകയാണ് കോണ്‍ഗ്രസ്.
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 73 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കേന്ദ്രത്തില്‍ ഭരണംപിടിക്കാന്‍ ഈ വിജയം ബിജെപിക്ക് ഏറെ സഹായകമായി. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ചലനങ്ങള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates