

ന്യൂഡൽഹി : ഉന്നാവോ പീഡനക്കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ ബിജെപി പുറത്താക്കി. എംഎൽഎയെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ എംഎൽഎയുടെയും കൂട്ടരുടെയും ഗൂഢാലോചനയുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. അപകടത്തിൽ ജയിലിൽ കഴിയുന്ന സെൻഗറിനും സഹോദരനും കൂട്ടാളികൾക്കുമെതിരെ സിബിഐ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
പ്രതിഷേധം കനത്തതോടെ എംഎൽഎയെ സസ്പെൻഡ് ചെയ്തതായി കഴിഞ്ഞ ദിവസം യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് അറിയിച്ചിരുന്നു. അതിനിടെ ബിജെപി നേതാവും കൂട്ടാളികളും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും പുറത്തുവന്നിരുന്നു. ജൂലൈ 7, 8 തീയതികളിൽ സെൻഗറിൻരെ സഹോദരനും കൂട്ടാളികളുമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പെൺകുട്ടിയും കുടുംബവും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത്, അദ്ദേഹത്തിന് കിട്ടാൻ വൈകിയതും വിവാദമായി. ജൂലൈ 12 ന് അയച്ച കത്ത് 30 ന് വൈകീട്ടാണ് ചീഫ് ജസ്റ്റിസിന് ലഭിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് സുപ്രിംകോടതി രജ്സ്ട്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനിടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും, അതിനാൽ തോക്ക് കൈവശം വെക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരയുടെ അഭിഭാഷകൻ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates