

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന് ഇന്ന് നിർണായകം. 18 എഐഎഡിഎംകെ എംഎല്‍എമാരുടെ അയോഗ്യതാ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എം.സത്യനാരായണനാണ് രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവിക്കുക. ജൂൺ 14 ന് കേസില്‍ ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.
എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്. കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അങ്ങനെയാണ് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുന്നത്. തമിഴ്നാട് സർക്കാറിന്‍റെ ഭാവി നിർണ്ണയിക്കുന്നതാകും ഇന്നത്തെ വിധി.
18 എംഎല്‍എമാരുടെ അയോഗ്യത റദ്ദാക്കിയാല്‍ ടിടിവി പക്ഷത്തെ എം എല്‍ എമാരുടെ എണ്ണം 23 ആകും. ഔദ്യോഗികപക്ഷത്തെ 4 പേർ ഇപ്പോള്‍ തന്നെ ടിടിവിക്കൊപ്പമാണ്. അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ പ്രതിപക്ഷത്തിന്‍റെ സഹായത്തോടെ ദിനകരന് സർക്കാറിനെ മറിച്ചിടാനാകും.
അതേസമയം സ്പീക്കറുടെ തീരുമാനം അംഗീകരിക്കപ്പെട്ടാൽ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇതും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. അതിനിടെ കൂറുമാറ്റം തടയാനായി ദിനകര പക്ഷത്തെ എംഎൽഎമാരെ സുരക്ഷിതമായി കുറ്റാലത്തെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates