

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്ത് ബിജെപി തമിഴ്‌നാട് ഘടകം. ആമസോണ്‍ വഴിയാണ് ബിജെപി തമിഴ്‌നാട് ഘടകം ഷേവിങ് സെറ്റുകള്‍ അയച്ചത്. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നില്‍ക്കുന്ന രീതിയിലായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ചിത്രം പുറത്തുവന്നത്. ഒമര്‍ അബ്ദുള്ള ജി 1 ഗുപ്തര്‍ റോഡ്, ശ്രീനഗര്‍, ജമ്മു കശ്മീര്‍ എന്ന വിലാസത്തിലാണ് അയച്ചുകൊടുത്തത്. ബിജെപിയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
'പ്രിയപ്പെട്ട ഒമര്‍ അബ്ദുള്ള, അഴിമതിക്കാരായ നിങ്ങളുടെ സുഹൃത്തുക്കള്‍ പുറത്ത് വിലസുമ്പോള്‍ നിങ്ങളെ ഇങ്ങനെ കാണാന്‍ ഇടയാക്കിയത് വേദനാജനകമാണ്. ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങളുടെ ആത്മാര്‍ത്ഥമായ ഈ സമ്മാനം സ്വീകരിക്കണ'മെന്നാണ് ബിജെപിയുടെ ആവശ്യം. പോസ്റ്റിന് താഴെ ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകള്‍ എന്നാണ് പലരുടെയും കമന്റുകള്‍.
കഴിഞ്ഞ ദിവസമാണ് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ചിത്രം പുറത്തുവന്നത്. ഈ ചിത്രം ആശങ്കപ്പെടുത്തുന്നുവെന്ന പരാമര്‍ശവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ രൂപമാറ്റം വന്ന ഒമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്.
ഈ ഫോട്ടോയില്‍ ഒമറിനെ തിരിച്ചറിയാന്‍ എനിക്ക് കഴിയുന്നില്ല. ദുഃഖം തോന്നുന്നു. നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ ജനാധിപത്യരാജ്യത്താണ്. ഇത് എന്ന് അവസാനിക്കുമെന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates