

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്ന് ആശങ്ക. ഇത് ഊര്‍ജ്ജ രംഗത്ത് വലിയ വിഘാതം സൃഷ്ടിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് മുന്നറിയിപ്പ് നല്‍കി. രാജ്യം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഗിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി കൂടിയായിരുന്ന ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
ഏകദേശം മൂന്ന് ദശാബ്ദക്കാലം ഊര്‍ജ്ജമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയിലും ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും കണക്കിലെടുത്താണ് തന്റെ മുന്നറിയിപ്പെന്ന് ജയറാം രമേശ് ട്വിറ്ററില്‍ പറയുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കുന്നത് ഗ്രിഡിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. ഇതിന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചേക്കാം. ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.
സമാനമായ ആശങ്കയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും പങ്കുവെച്ചത്. ഒന്‍പത് മിനിറ്റ് വിളക്കുകള്‍ അണയ്ക്കുന്നത് ഗ്രിഡിന്റെ പ്രവര്‍ത്തനം താളം തെറ്റാന്‍ ഇടയാക്കുമെന്ന് ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ എട്ടുമണിക്ക് ആരംഭിച്ച് 9.09 ന് അവസാനിക്കുന്ന നിലയില്‍ ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് വിവിധ വൈദ്യുതി ബോര്‍ഡുകള്‍ ആലോചിക്കുന്നതായും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു കാര്യം കൂടി പ്രധാനമന്ത്രി മറന്നു എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ്.
മുന്‍കരുതല്‍ എന്ന നിലയില്‍ വിളക്കണക്കല്‍ സമയമായ 9 മണിക്ക് മുന്‍പ് തന്നെ ജലവൈദ്യുത പദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിര്‍ത്തിവക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുതെന്നും കെഎസ്ഇബി നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുമ്പോള്‍ പവര്‍ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യം മുഴുവന്‍ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ലൈറ്റുകള്‍ ഒന്നിച്ച് ഓഫ് ചെയ്താല്‍ 400 മെഗാവാട്ട് വരെ കേരളത്തില്‍ പെട്ടെന്ന് കുറയും. ഇതിനെതിരെയാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.
എല്ലാ ലൈറ്റുകളും ഒന്നിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശത്തോടൊപ്പം തന്നെ 9 മിനിട്ടിന് ശേഷം ലൈറ്റുകള്‍ ഒന്നിച്ച് ഓണ്‍ ചെയ്യരുതെന്നും വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നുണ്ട്. എ സി, ഫ്രിഡജ് തുടങ്ങിയവും ഓഫ് ചെയ്യരുതെന്നാണ് കെഎസ്ഇബി പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates