

കോയമ്പത്തൂർ: ഡിണ്ടിഗൽ വേദസന്തൂരിനടുത്ത കേദംപട്ടിയിൽ വിദ്യാർഥിനിയെ കാമുകൻ അടിച്ചു കൊന്നു കുഴിച്ചുമൂടിയതായി റിപ്പോർട്ടുകൾ. ‘ദൃശ്യം’ മോഡൽ കൊലപാതകമാണ് ഇവിടെ അരങ്ങേറിയത്. പെൺകുട്ടിയുടെ മൃതദേഹം തേടിച്ചെന്ന പൊലീസിനു കിട്ടിയത് പട്ടിക്കുട്ടിയുടെ ജഡം. വി മുത്തരശിയെന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. മുത്തരശിയെ കാമുകനാണു കൊന്നു കുഴിച്ചുമൂടിയതെന്നു പൊലീസ് പറയുന്നു.
മാർച്ചിലാണു മുത്തരശിയെ കാണാതാകുന്നത്. സഹോദരി തമിഴരശി പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. മുത്തരശിയും ഭരത് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ഭരതിനെ ചോദ്യം ചെയ്തതോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു മുത്തരശിയും ഭരതും ഒളിച്ചോടി. അതേ ദിവസം തന്നെ ഇരുവരും തമ്മിൽ വഴക്കിട്ടു. വഴക്കു മൂർഛിച്ചതോടെ ഭരത് മുത്തരശിയെ അടിച്ചു. ഈ അടിയിലാണ് മുത്തരശി കൊല്ലപ്പെട്ടത്. ഭയന്നുപോയ ഭരത് അമ്മയെ വിവരമറിയിച്ചു. മൃതദേഹവുമായി ആത്തുകൽപാളയത്തെ വീട്ടിലേക്കു വരാൻ അമ്മ നിർദേശിച്ചു. മൃതദേഹം വീടിനു പുറകിൽ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. വീടിനു പുറകിൽ നിന്ന് രൂക്ഷ ഗന്ധം വരുന്നുണ്ടെന്നും സഹിക്കാനാകുന്നില്ലെന്നും വധു പരാതി പറഞ്ഞതോടെ മാതാപിതാക്കൾ ഇരുവരെയും ഭാര്യാ ഗൃഹത്തിലേക്കു പറഞ്ഞയച്ചു. മുത്തരശിയെ കാണാനില്ലെന്നുള്ള കേസ് പാതിവഴിയിൽ നിലച്ച അവസ്ഥയിലുമായി.
രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ കേസ് അന്വേഷണം മുറുകി. ഭരതിനെ ചോദ്യം ചെയ്തപ്പോൾ മൃതദേഹം വീടിനു പുറകിൽ കുഴിച്ചിട്ടെന്നു സമ്മതിച്ചു. എന്നാൽ അവിടെയെത്തിയ പൊലീസിനെ കാത്തിരുന്നത് വമ്പൻ വഴിത്തിരിവായിരുന്നു. മൃതദേഹം കുഴിച്ചിട്ടെന്നു പറയുന്ന കുഴിയിൽ നിന്ന് കിട്ടിയത് പട്ടിക്കുട്ടിയുടെ ശവ ശരീരമായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ ജ്യോതിഷിയുടെ നിർദേശപ്രകാരം ഭരതിന്റെ അച്ഛൻ മൃതദേഹം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞെന്നു വ്യക്തമായി. ജോത്സ്യന്റെ നിർദേശപ്രകാരമാണ് പട്ടിക്കുട്ടിയെ കുഴിച്ചിട്ടതും. കൂടുതൽ വിവരങ്ങളറിയാൻ ജ്യോതിഷിയെയും ഭരതിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates