

ന്യൂഡല്‍ഹി : ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാകിസ്ഥാന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നയതന്ത്രജ്ഞരെ കൂട്ടാതെയാണ് കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന്റെ നടപടി അത്യന്ദം നിന്ദ്യാര്‍ഹമാണ്. ചേതനയുടെ താലിമാല അടക്കമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും പാക് ഉദ്യോഗസ്ഥര്‍ ഊരിമാറ്റി. വിധവയുടെ രൂപത്തില്‍ കുല്‍ഭൂഷന്റെ ഭാര്യയെ ഇരുത്താനായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശം. ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്ന കാര്യം ഇന്ത്യയെ അറിയിച്ചിരുന്നില്ല. പാകിസ്ഥാന്റെ നടപടി പരസ്പര ധാരണയുടെ ലംഘനമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
കുല്‍ഭൂഷന്റെ ഭാര്യ ചേതനയുടെ ചെരുപ്പില്‍ ചിപ്പ് ഘടിപ്പിച്ചിരുന്നു എന്ന പാകിസ്ഥാന്റെ വാദം പച്ചക്കള്ളമാണ്. കൂടിക്കാഴ്ച പാകിസ്ഥാന്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയെന്നും സുഷമ ആരോപിച്ചു. കുല്‍ഭൂഷന്റെ നില മോശമാണ്. കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത് വ്യാജ വിചാരണ നടത്തിയാണ്. പാക് മാധ്യമങ്ങളും കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചു. രാജ്യം കുല്‍ഭൂഷന്റെ കുടുംബത്തോടൊപ്പം നില്‍ക്കണം. പാകിസ്ഥാന്റെ പ്രവര്‍ത്തിയില്‍ രാജ്യവും പാര്‍ലമെന്റും ഒരേ സ്വരത്തില്‍ പ്രതിഷേധിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ച പാകിസ്ഥാന്‍, രാജ്യത്തെ സ്ത്രീകളെയാണ് അപമാനിച്ചതെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇതില്‍ രാഷ്ട്രീയ ഭേദമില്ല. രാജ്യത്തിന്റെ അഭിമാനത്തെയോ, രാജ്യത്തെ അമ്മമാരെയോ സഹോദരിമാരെയോ മറ്റൊരു രാജ്യം അപമാനിക്കുന്നത് സഹിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
ക്രിസ്മസ് ദിനത്തിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ അവന്തി ജാദവും ഭാര്യ ചേതനയും ഇസ്ലാമാബാദിലെ നയതന്ത്രകാര്യാലയത്തില്‍ വെച്ച് കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. ചില്ലുമറയുടെ അപ്പുറവും ഇപ്പുറവും ഇരുത്തിയായിരുന്നു കൂടിക്കാഴ്ച. അമ്മയെ മാതൃഭാഷയായ മറാത്തി സംസാരിക്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചിരുന്നില്ല. കൂടാതെ, ചേതനയുടെ താലിമാല അടക്കമുള്ള ആഭരണങ്ങളും ചെരുപ്പും അഴിച്ചുമാറ്റിയിരുന്നു. ചെരുപ്പ് തിരിച്ചു കൊടുക്കാതിരുന്ന പാകിസ്ഥാന്‍, അതില്‍ ചിപ്പ് പോലുള്ള എന്തോ ഒന്ന് ഘടിപ്പിച്ചിരുന്നതായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates