ലണ്ടൻ: കോടികളുടെ വായ്പാ തട്ടിപ്പു നടത്തി ഇന്ത്യവിട്ട നീരവ് മോദി, തങ്ങളെ കൊന്നുകളയുമെന്നും മോഷണക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സഹപ്രവർത്തകരുട നിർണായക വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ വീഡിയോ സിബിഐ യുകെ കോടതിയിൽ സമർപ്പിച്ചു. നീരവ് മോദിയെ നാടുകടത്തണമെന്നുള്ള കേസിന്റെ വാദത്തിനിടെയാണ് സിബിഐ ഏറെ നിർണായകമാകുന്ന വെളിപ്പെടുത്തലുകൾ വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ സമർപ്പിച്ചത്.
ആറ് ഇന്ത്യക്കാർ നീരവ് മോദിക്കും സഹോദരൻ നെഹാൽ മോദിക്കും എതിരെ ആരോപണം ഉന്നയിക്കുന്നതാണു വീഡിയോയിൽ ഉള്ളത്. നീരവ് മോദിയുമായി ബന്ധമുള്ള പല കമ്പനികളുടെയും ഡമ്മി ഡയറക്ടർമാരാണിവർ.
നീരവ് മോദി ഫോണിൽ വിളിച്ച് മോഷണക്കേസിൽ കുടുക്കുമെന്ന് പറഞ്ഞതായി സൺഷൈൻ ജെംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിനു മാത്രമുള്ള ഉടമയാണെന്നു സ്വയം വിശേഷിപ്പിച്ച അനീഷ് കുമാർ മോഹൻഭായ് ലാഡ് പറഞ്ഞു. ഒരു ഘട്ടത്തിൽ തന്നെ കൊന്നു കളയുമെന്നും നീരവ് പറഞ്ഞതായി അനീഷ് കുമാർ ഹിന്ദിയിൽ വ്യക്തമാക്കുന്നു.
മറ്റു പല കമ്പനികളുടെ ഡമ്മി ഡയറക്ടർമാരായ ഋഷഭ് ജേത്‌വ, സോനു മേത്ത, ശ്രീധർ മയേക്കർ, നിലേശ്വർ ബൽവന്ത്രി മിസ്ത്രി തുടങ്ങിയവരാണ് സിബിഐ സാക്ഷികളായി ഉള്ളത്. ഹോങ്കോങ്ങിലും ഗൾഫ് രാജ്യങ്ങളിലുമാണിവരുള്ളത്. തങ്ങളുടെ ജീവന്റെ സുരക്ഷ ഭയന്നാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ വീഡിയോയിൽ പറയുന്നു. നീരവും മറ്റും പിടിച്ചുവച്ചിരിക്കുന്ന പാസ്‌പോർട്ട് തിരിച്ചു കിട്ടാൻ പല രേഖകളിലും ഒപ്പിട്ടു നൽകിയതായി ഋഷഭ് ജേത്‌വ പറഞ്ഞു.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു കോടിക്കണക്കിനു രൂപയുടെ വായ്പാതട്ടിപ്പു നടത്തിയാണ് നീരവ് ഇന്ത്യ വിട്ടത്. നീരവിനെതിരെ ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മധ്യ ലണ്ടനിൽ ആഡംബര അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തു കഴിഞ്ഞിരുന്ന നീരവിനെ 2019 മാർച്ച് 19നാണ് സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുന്ന നീരവിന് ജാമ്യം നേടാൻ കഴിഞ്ഞിട്ടില്ല. നീരവിനെതിരെ പ്രഥമദൃഷ്ട്യാ കേസ് ചുമത്താനുള്ള വാദമാണ് ഇപ്പോൾ നടക്കുന്നത്. സെപ്റ്റംബറിൽ മാത്രമേ വാദം അവസാനിക്കു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates