ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമ്മുക്ക് ഒന്നിച്ചു പോരാടാം. നിര്‍ണായകമായ ഈ ഘട്ടത്തില്‍ നമുക്ക് കോവിഡ് പോരാളികള്‍ക്ക് നന്ദി പറയാം. ബുദ്ധപൂര്‍ണിമദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണ വൈറസിന്റെ ഈ പ്രയാസകരമായ സമയത്ത്, മറ്റുള്ളവരെ സഹായിക്കാനും ക്രമസമാധാനം പാലിക്കാനും രോഗബാധിതരെ സുഖപ്പെടുത്താനും ശുചിത്വം നിലനിര്‍ത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് 24 മണിക്കൂറും ജോലി ചെയ്യുന്ന നിരവധി ആളുകള്‍ നമുക്കുചുറ്റും ഉണ്ട്. അത്തരത്തിലുള്ള എല്ലാവരും ഈ ദിനത്തില്‍ അഭിനന്ദനത്തിനും ബഹുമാനത്തിനും അര്‍ഹരാണ്.
ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഈ കാലത്തും ബുദ്ധന്റെ സന്ദേശങ്ങളായ കരുണയും സേവനവും സമര്‍പ്പണവും പ്രാധാന്യമര്‍ഹിക്കുന്നു. അനുകമ്പ, ദയ, സമത്വം, സേവനം എന്നീ ബുദ്ധസന്ദേശങ്ങളാണ് ഇപ്പോള്‍ നമ്മള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. അത് അനുസരിച്ച് ഇന്ത്യ എല്ലാവര്‍ക്കും പിന്തുണ നല്‍കുന്നു. പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നു. ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുര്‍ബലരെന്നോ നോക്കാതെ സാധ്യമായ രീതിയില്‍ എല്ലാവരേയും പിന്തുണയ്ക്കുന്നു. ഇത് തുടരുമെന്നും മോദി പറഞ്ഞു.
പൗരന്മാരെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് മാനവികതയെ സേവിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയാണ് നാം, ക്ഷീണിക്കുമ്പോള്‍ നിര്‍ത്തുന്നത് ഒന്നിനും പരിഹാരമല്ല. സേവനമനോഭാവത്തോടുകൂടിയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. കരുണയും സഹാനുഭൂതിയും സേവനമനോഭാവവും ഉണ്ടായാല്‍ ഏത് പ്രതിസന്ധിയേയും നമുക്ക് മറികടക്കാം. കോവിഡിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടും, പ്രതിസന്ധിയെ അതിജീവിക്കും.
ബുദ്ധപൂര്‍ണിമ ദിനത്തില്‍ ഇപ്പോള്‍ മുഖത്തോട് മുഖം നോക്കാനാവാത്ത സാഹചര്യമാണ് നമുക്കുള്ളത്. പക്ഷെ നമ്മുടെ മനസ്സുകള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇന്ത്യയുടെ ആത്മബോധത്തിന്റേയും ഇന്ത്യയെക്കുറിച്ചുള്ള ബോധത്തിന്റേയും പ്രതീകമാണ് ബുദ്ധന്‍. ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റെയും സമ്പുഷ്ടീകരണത്തിന് ശ്രീബുദ്ധന്‍ സംഭാവന നല്‍കി. ബുദ്ധന്‍ സ്വന്തം പ്രകാശമായിത്തീര്‍ന്നു, ജീവിത യാത്രയില്‍ മറ്റുള്ളവരുടെ ജീവിതവും പ്രകാശിപ്പിച്ചു. ഇന്ന് കാലം മാറി, സാഹചര്യം മാറി, സ്ഥിതി മാറി. പക്ഷെ ബുദ്ധന്റെ സന്ദേശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എക്കാലവും പ്രവഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates