കോവിഡ് രോ​ഗികൾക്ക് 'ഡെക്സമെത്തസോൺ' നൽകാം; കേന്ദ്രത്തിന്റെ അനുമതി

കോവിഡ് രോ​ഗികൾക്ക് 'ഡെക്സമെത്തസോൺ' നൽകാം; കേന്ദ്രത്തിന്റെ അനുമതി
കോവിഡ് രോ​ഗികൾക്ക് 'ഡെക്സമെത്തസോൺ' നൽകാം; കേന്ദ്രത്തിന്റെ അനുമതി
Updated on
1 min read

ന്യൂഡൽഹി: കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്‌സമെത്തസോൺ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മിഥൈൽപ്രെഡ്‌നിസൊളോൺ എന്ന മരുന്നിനു പകരമാണ് വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നായ ഡെക്‌സമെത്തസോൺ നൽകുന്നത്. തീവ്ര ലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ രോ​ഗികളിൽ ഇത് പ്രയോ​ഗിക്കാം. തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവർക്ക് സൂക്ഷ്മ വൈദ്യ നിരീക്ഷണത്തിനു കീഴിൽ മാത്രമേ ഡെക്‌സമെത്തസോൺ നൽകാൻ പാടുള്ളൂവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടനിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്‌സമെത്തസോൺ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്‌സമെത്തസോൺ ഉത്പാദനം വർധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യ സംഘടന നടത്തുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കുള്ള മാർഗ നിർദേശം എന്ന നിലയിൽ തയ്യാറാക്കിയ 'ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾ: കോവിഡ് 19-ന്റെ പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓക്‌സിജൻ സഹായം ആവശ്യമായവർക്കും അമിതമായ കോശജ്വലന പ്രതികരണം (excessive inflammatory response) ഉള്ളവർക്കും ഡെക്‌സമെത്തസോൺ നൽകാമെന്ന് പുതുക്കിയ 'ക്ലിനിക്കൽ മാനേജ്‌മെന്റ് പ്രോട്ടോക്കോൾ: കോവിഡ് 19' പറയുന്നു. മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായും ഈ മാർഗ നിർദേശത്തിൽ ചേർത്തിട്ടുണ്ട്.

വീക്കം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡെക്‌സമെത്തസോൺ കഴിഞ്ഞ 60 വർഷത്തിലധികമായി വിപണിയിൽ ലഭ്യമാണ്. ഈയടുത്ത്, അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടായിരത്തോളം കോവിഡ് രോഗികൾക്ക് ഡെക്‌സമെത്തസോൺ നൽകിക്കൊണ്ട് ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷക സംഘം പഠനം നടത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാൻ കഴിഞ്ഞിരുന്ന ഇവരിൽ മരണ നിരക്ക് 35% കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com