ഡെറാഡൂൺ: കോവിഡ് ബാധിച്ചതാണെന്ന് സംശയിച്ച് നാല് ആശുപത്രികൾ പ്രവേശനം നിഷേധിച്ച യുവതി മരിച്ചു. കഴിഞ്ഞ ദിവസം യുവതി പ്രസവിച്ച ഇരട്ട കുട്ടികൾ മരിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് അമ്മയും മരിച്ചത്. ഡെറാഡൂണിലാണു സംഭവം.
കടുത്ത പനിയെ തുടർന്നാണ് 24കാരിയായ സുധ സൈനിയെ ആശുപത്രിയിലെത്തിച്ചത്. പനിയായതിനാൽ രണ്ട് സർക്കാർ ആശുപത്രികളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും യുവതിയെ പ്രവേശിപ്പിച്ചില്ല. കോവിഡ് ആയിരിക്കാമെന്നു പറഞ്ഞാണ് ആശുപത്രികൾ ചികിത്സ നിഷേധിച്ചത്. ഒടുവിൽ എംഎൽഎ ഇടപെട്ടാണ് ഇവരെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏഴാം മാസമായിരുന്നു സുധയ്ക്കെന്നു പറയുന്നു ഭർത്താവ് കമലേഷ് സൈനി. 'വയറു വേദന ഉണ്ടായതിനെ തുടർന്നാണ് സുധയെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. സുധയ്ക്ക് രക്തം കുറവാണെന്നും രക്തം നൽകണമെന്നുംആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ അവളെ അഡ്മിറ്റ് ചെയ്യാൻ അവർ തയാറായില്ല. കൃത്യമായി പരിശോധിക്കുക പോലും ചെയ്തില്ല. ഒൻപത് മാസം ആയിട്ട് എത്തിച്ചാൽ മതിയെന്നും അവർ പറഞ്ഞു'- കമലേഷ് സൈനി വ്യക്തമാക്കി.
അതിനിടെ മാസം തികയാതെ സുധ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അതിനു പിന്നാലെ സുധയുടെ ആരോഗ്യ സ്ഥിതി മോശമായി മരണം സംഭവിക്കുകയായിരുന്നു.
യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ചീഫ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേട്ട് എന്നിവർ അന്വേഷണത്തിന് ഉത്തരവിട്ടു. 1665 പേരാണ് ഉത്തരാഖണ്ഡിൽ കോവിഡ് ബാധിച്ചു ചികിൽസയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates