ഗംഗാതീരത്തെ 'മിനി മോസ്‌കോ'; ബഗുസരായില്‍ കനയ്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല

ഗംഗയുടെ വടക്കന്‍ തീരത്താണ് ബിഹാറിലെ ബഗുസരായി. അറിയപ്പെടുന്നത് ലെനനിന്‍ഗ്രാഡെന്നും മിനി മോസ്‌കോയെന്നും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ണ്. 
ഗംഗാതീരത്തെ 'മിനി മോസ്‌കോ'; ബഗുസരായില്‍ കനയ്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല
Updated on
2 min read

ഗംഗയുടെ വടക്കന്‍ തീരത്താണ് ബിഹാറിലെ ബഗുസരായി. അറിയപ്പെടുന്നത് ലെനനിന്‍ഗ്രാഡെന്നും മിനി മോസ്‌കോയെന്നും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മണ്ണ്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബഗുസരായി. സിപിഐയുടെ ഫയര്‍ബ്രാന്‍ഡ് നേതാവ് എന്നറിയപ്പെടുന്ന കനയ്യ കുമാറും ബിജെപിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിങും നേര്‍ക്ക് നേര്‍ മുട്ടുന്ന മണ്ഡലം. മഹാസഖ്യത്തില്‍ നിന്ന് സിപിഐയെ പുറത്താക്കിയ ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. 

ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ തന്‍വീര്‍ ഹസ്സന്റെ സാന്നിധ്യം കനയ്യ കുമാറിന്റെ സാധ്യതകളെ കുറയ്ക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും എന്നതാണ് കാരണം. ത്രികോണമത്സരം ഒഴിവാക്കിയിരുന്നെങ്കില്‍ കനയ്യയ്ക്ക് ബിജെപിയെ ഞെട്ടിപ്പിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

2016ല്‍ ജെഎന്‍യു ദേശവിരുദ്ധ മുദ്രാവാക്യ കേസോടെയാണ് ക്യാമ്പസ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ മുഖ്യധാരയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചുരുക്കസമയത്തിനുള്ളില്‍ ജനസമ്മതിയാര്‍ജിച്ച കനയ്യയെ ജന്‍മനാടായ ബഗുസരായില്‍ തന്നെ മത്സരിപ്പിക്കാനാണ് സിപിഐ തീരുമാനിച്ചത്. കനയ്യയെ നേരിടാന്‍ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച ഗിരിരാജ് സിങിനെ തന്നെ ബിജെപി രംഗത്തിറക്കിയതും ഇതേ 'ദേശദ്രോഹി' ടാഗ് കനയ്യയുടെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്നത് കൊണ്ടാണ്. 

നവാഡയില്‍ നിന്ന് മത്സരിക്കാനായിരുന്നു ഗിരിരാജ് സിങിന് താത്പര്യം. എന്നാല്‍ കനയ്യയും ഗിരിരാജും ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നതും അദ്ദേഹത്തെ ബഗുസരായില്‍ മത്സരിപ്പിക്കാന്‍ ബിജെപിയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നായി. 

ഭൂപ്രഭുക്കന്‍മാര്‍ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ നടത്തിയ സുദീര്‍ഘമായ സമരത്തിന്റെ ചരിത്രമുണ്ട് ബഗുസരായിക്ക്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന മണ്ഡലം ഒരുതവണ സിപിഐയ്‌ക്കൊപ്പം നിന്നു, 1967ല്‍.  മണ്ഡലത്തിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ വ്യക്തമായ സ്വീധനമുണ്ട് സിപിഐയ്ക്ക്. 

1999ല്‍ ആര്‍ജെഡി, 2009ല്‍ ജെഡിയു. രണ്ടാംസ്ഥാനത്തെത്തിയത് സിപിഐ. 2014ല്‍ ബിജെപി പിടിച്ചെടുത്തു. ഭോലാസിങ് ആര്‍ജെഡിയുടെ തന്‍വീര്‍ ഹസ്സനെ തോല്‍പ്പിച്ചത് 58,000വോട്ടിന്റെ ഭൂരിപക്ഷത്തിന്. മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയായിരുന്നു ഭോലാ സിങ്. 

34.31ശതമാന വോട്ട് ഷെയറോടെ ഹസ്സന്‍ നേടിയത് 3,69,892വോട്ട്. ഭോലാ സിങ് 39.72ശതമാനം വോട്ട് ഷെയറോടെ 4,28,227വോട്ട് നേടി. സിപിഐയുടെ രാജേന്ദ്ര പ്രസാദ് സിങിന് ലഭിച്ചത് 1,92,639വോട്ട്. 17.87ശതമാനം വോട്ട് ഷെയര്‍.

പത്തൊമ്പത് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ കനയ്യയും ഗിരിരാജ് സിങും പ്രതിനിധാനം ചെയ്യുന്ന ഭൂമിഹാര്‍ വിഭാഗമാണ് മണ്ഡലത്തിലെ ഭൂരിപക്ഷം. 19ശതമാനമാണ് ഇവരെങ്കില്‍ രണ്ടാംസ്ഥാനത്തുള്ള മുസ്‌ലിം വിഭാഗം 15ശതമാനം. 12ശതമാനാണ് യാദവരുള്ളത്. 7ശതമാനം കുര്‍മികളും. 

ഭൂമിഹാര്‍ വിഭാഗത്തിന്റെ പിന്തുണ എപ്പോഴും ബിജെപിക്ക് ഒപ്പമാണ്. പട്ടികവിഭാഗത്തിന്റെയും കുര്‍മികളുടെയും പിന്തുണ ഗിരിരാജ് സിങിന് ലഭിക്കുമെന്നാണ് ബിജെപി പ്രകീക്ഷിക്കുന്നത്. ആര്‍ജെഡി മുസ്‌ലിം വോട്ടിലും കണ്ണുവയ്ക്കുന്നു. 

കനയ്യകുമാറിന് വേണ്ടി ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല എന്നായിരുന്നു സിപിഐയുടെ പ്രതീക്ഷ. എന്നാല്‍ 2014ല്‍ മത്സച്ച തന്‍വീര്‍ ഹസ്സനെ ആര്‍ജെഡി വീണ്ടുമിറക്കി. നിലവില്‍ പ്രചാരണത്തില്‍ കനയ്യക്കാണ് മുന്‍തൂക്കം. ഭൂമിഹാര്‍ വിഭാഗത്തിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ കനയ്യയ്ക്ക് സാധിച്ചാല്‍ അത് ഗുണമാകുന്നത് ഹസ്സനായിരിക്കും. എന്നാല്‍ ആര്‍ജെഡിക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. അധികമായി വളര്‍ന്നുവരുന്ന വ്യവസായ സാന്നിധ്യം തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്, ഇവര്‍ക്കിടയില്‍ സിപിഐയ്ക്ക് വലിയ അടിത്തറയുമുണ്ട്. 

രണ്ട് മാസം മുമ്പ് തന്നെ ക്യാമ്പയിന്‍ ആരംഭിച്ച കനയ്യ എല്ലാവിഭാഗങ്ങളുടെയും പിന്തുണ ആവശ്യപ്പെടുന്നു. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി അടക്കമുള്ളവര്‍ കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനായി ബഗുസരായില്‍ എത്തിയിട്ടുണ്ട്. ഏപ്രില്‍ 29നാണ് ബഗുസരായി പോളിഭ് ബൂത്തിലേക്ക് നീങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com